വനിത വോളിബോൾ താരത്തിനെ കൊലപ്പെടുത്തി താലിബാൻ; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു

NRI DESK : അഫ്ഗാൻ വനിതാ ദേശീയ ടീമിന്റെ ഭാഗമായ ജൂനിയർ വോളിബോൾ താരത്തെ താലിബാൻ ക്രൂരമായി കൊലപ്പെടുത്തിയതായി റിപ്പോർട്ട്. തലവെട്ടി മാറ്റിയ നിലയിലുള്ള യുവതിയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തന്റെ ടീമിലെ അംഗത്തെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന് പരിശീലകനാണ് വിദേശ മാദ്ധ്യമത്തിനോട് വെളിപ്പെടുത്തിയത്. മഹജബിൻ ഹക്കിമി എന്ന വനിതാരത്തിനെ ഒക്ടോബർ ആദ്യവാരമാണ് കൊലപ്പെടുത്തിയത്, എന്നാൽ സംഭവം പുറത്ത് പറയരുതെന്ന് കുടുംബാംഗങ്ങളെ തീവ്രവാദികൾ ഭീഷണിപ്പെടുത്തി എന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മഹജബിന്റെ ദുർഗതിയറിഞ്ഞ സഹതാരങ്ങളെല്ലാം ഇപ്പോൾ ഒളിവിലാണ് എന്നാണ് റിപ്പോർട്ടുകൾ.

അഫ്ഗാൻ സർക്കാരിന്റെ തകർച്ചയ്‌ക്ക് മുമ്പ് കാബൂൾ മുനിസിപ്പാലിറ്റി വോളിബോൾ ക്ലബ്ബിനായി കളിച്ച മഹജബിൻ, ക്ലബ്ബിന്റെ താരങ്ങളിൽ പ്രധാനിയായിരുന്നു .ഓഗസ്റ്റിൽ താലിബാൻ സമ്പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കുന്നതിന് മുമ്പ് ടീമിലെ രണ്ട് കളിക്കാർക്ക് മാത്രമേ രാജ്യത്ത് നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞുള്ളൂവെന്നും അഫ്ഗാൻ വനിതാ ദേശീയ വോളിബോൾ ടീമിന്റെ പരിശീലകൻ പറഞ്ഞു.