കെപിസിസി പുനഃസംഘടയില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി വി.എം.സുധീരന്‍

NRI DESK:   കെപിസിസി പുനഃസംഘടയില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി വി.എം.സുധീരന്‍. പാര്‍ട്ടി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചയാളെ ഭാരവാഹിയാക്കി. മികച്ചവര്‍ പട്ടികയ്ക്ക് പുറത്തായെന്നും വി.എം. സുധീരന്‍. താരിഖിന്റെ സന്ദര്‍ശനം മുടക്കാന്‍ സുധാകരന്‍ നോക്കിയെന്നും സംഘടനയില്‍ ഇനി ഒരിക്കലും ഇടപെടില്ലെന്നും സുധീരന്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു. രാഷ്ട്രീയ കാര്യസമിതിയില്‍  രാജിവെച്ചശേഷവും തന്റെ പ്രതിഷേധം തുടരുകയാണ് വി എം.സുധീരന്‍. കെപിസിസി പുനഃസംഘടന മുതല്‍ സുധാകര വിഭാഗത്തിനെതിരെ രൂക്ഷ വിമര്‍ശനമാണെന്ന് സുധീരന്‍ പറയുന്നു. പാര്‍ട്ടി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചയാളെ ഭാരവാഹിയാക്കിയെന്നാണ് സുധീരന്റെ പുതിയ വിമര്‍ശനം. ഒരു കാരണവശാലും വരാന്‍ പാടില്ലാത്തവര്‍ ഉണ്ട്.

രാഹുൽ ഗാന്ധിയോടും എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനോടും കാര്യങ്ങൾ വിശദമായി സംസാരിച്ചിരുന്നു. എന്നാൽ ഇരുവരും മൗനം പാലിക്കുകയായിരുന്നുവെന്നും ഒരു മാറ്റവുമില്ലെന്നും സുധീരൻ തുറന്നടിച്ചു.

സര്‍വസ്വീകാര്യമായ ഒരു പട്ടികയാക്കി മാറ്റാന്‍ കഴിയുന്ന സാധ്യത പുതിയ നേതൃത്വം ഇല്ലാതാക്കിയെന്നും സുധീരന്‍ അഭിമുഖത്തില്‍ പ്രതികരിച്ചു. മാത്രമല്ല  തന്നെകാണാന്‍ ശ്രമിച്ച എഐസിസി ജനറല്‍ സെക്രട്ടറി  താരിഖ് അന്‍വറിന്റെ സന്ദര്‍ശനം മുടക്കാന്‍ കെ.സുധാകരന്‍ ശ്രമിച്ചൂവെന്നും സുധീരന്‍ അഭിമുഖത്തില്‍ പറയുന്നു.

ആരെയും സോഷ്യല്‍ മീഡിയയില്‍ കുറ്റംപറയരുതെന്ന് പറയുന്ന കെ. സുധാകരന്റെ പേരില്‍ തന്നെ കെ.എസ്. ബ്രിഗേഡ് എന്ന പ്രസ്ഥാനമുണ്ടെന്നതാണ് ട്രാജഡി.സംഘടനയില്‍ ഒരു വിയോജിപ്പ് പറഞ്ഞാല്‍ അതു പറയുന്നവരെ സംഘടിതമായി തേജോവധം ചെയ്യുന്ന രീതി കോണ്‍ഗ്രസില്‍ സമീപ കാലത്തു മാത്രമാണ് ഉണ്ടായത്. ഇതിലും വലിയ സംഘര്‍ഷകാലത്തും  ഇതാരും ചെയ്തിട്ടില്ലെന്നും സുധീരന്‍ വിമര്‍ശിച്ചു.   സെമി കേഡര്‍ അടക്കമുള്ള നയപരമായ തീരുമാനങ്ങള്‍ രാഷ്ട്രീയ കാര്യസമിതിയില്‍ ചര്‍ച്ച ചെയ്തില്ല.നേരത്തെ രണ്ടു ഗ്രൂപ്പുകള്‍ എല്ലാം പങ്കിട്ട് എടുക്കുന്ന രീതി ആയിരുന്നു.ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക കണ്ടപ്പോള്‍ ഗ്രൂപ്പുകള്‍ക്ക് പകരം നാലോ അഞ്ചോ പേര്‍ പങ്കിട്ടെടുക്കുന്ന രീതിയിലായി.

തന്നെ അനുനയിക്കാന്‍ എത്തിയ വി ഡി സതീശന്‍ തെറ്റുപറ്റിയെന്ന് സമ്മതിച്ചു. പക്ഷെ വിഡി സതീശനെ കെ.സുധാകരന്‍ ഇക്കാര്യത്തില്‍ പരസ്യമായി തിരുത്തി. സതീശന്റെ വരവ് ഉണ്ടാക്കിയ മെച്ചം സുധാകരന്റെ പ്രതികരണത്തോടെ ഇല്ലാതായി.വളരെ വേദനയോടെയാണ് രാഷ്ട്രീയകാര്യസമിതിയില്‍ നിന്നു രാജിവച്ചത്. ചിലര്‍ പറഞ്ഞതുപോലെ ആരോഗ്യപരമായ കാരണങ്ങളാല്‍ ആയിരുന്നില്ല രാജി. കേരളത്തിലെ കാര്യങ്ങളില്‍ ഇടപെടേണ്ട രീതിയില്‍ ഒരു ഇടപെടല്‍ കേന്ദ്ര നേതൃത്വത്തില്‍ നിന്ന് ഉണ്ടാകാത്തതോടെയാണ് എഐസിസി അംഗത്വവും രാജിവച്ചതെന്നും സുധീരന്‍ പറഞ്ഞു  .

കോൺഗ്രസിന്റെ പുതിയ സംസ്ഥാന നേതൃത്വത്തിന് ആദ്യത്തെ രാഷ്ട്രീയകാര്യസമിതിയിൽ തന്നെ വീഴ്ച്ച സംഭവിച്ചു. നയപരമായ കാര്യങ്ങൾ തീരുമാനിക്കാനായി ചേർന്ന ആദ്യ നേതൃയോഗത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ ഒഴിച്ച് മുൻ കെപിസിസി പ്രസിഡന്റുമാരായ ആരെയും അതിലേക്കു വിളിച്ചില്ല.കെ. മുരളീധരൻ ഇതിനോടു പരസ്യമായി പ്രതിഷേധിച്ചതായും സുധീരൻ പറഞ്ഞു.