പ്രവാസികൾക്കുള്ള ധനസഹായം; സാന്ത്വന ദുരിതാശ്വാസ നിധിയിലേക്ക് വീണ്ടും അപേക്ഷിക്കാം

NRI DESK : പ്രവാസികൾക്ക് ധനസഹായവുമായി നോർക്ക. നോർക്കയുടെ ഒറ്റതവണ ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതിയിലേക്ക് അർഹരായവർക്ക് അപേക്ഷ സമർപ്പിക്കാം. www.norkaroots.org എന്ന നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നാണ്അപേക്ഷ നൽകേണ്ടത്. വാർഷിക വരുമാനം ഒന്നര ലക്ഷം രൂപയിൽ കവിയാത്ത പ്രവാസി മലയാളികളുടെയോ അല്ലെങ്കിൽ അടുത്ത കുടുംബാംഗങ്ങളുടെയോ ചികിത്സക്ക് 50,000 രൂപ, മരണപ്പെടുന്ന പ്രവാസിയുടെ അനന്തരാവകാശികൾക്ക് 1,00,000 രൂപ, പെൺമക്കളുടെ വിവാഹാവശ്യത്തിന് 15,000 രൂപ, പ്രവാസിക്കോ കുടുംബാംഗങ്ങൾക്കോ ഭിന്നശേഷി ഉപകരണങ്ങൾവാങ്ങുന്നതിന് 10,000 രൂപ എന്നിങ്ങനെയാണ് നോർക്ക വഴിയുള്ള പരമാവധി സഹായം. വിശദാംശങ്ങൾക്ക് 1800-425-3939 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം.

1600ഓളം ഗുണഭോക്താക്കള്‍ക്കാണ് പദ്ധതി തുണയായത്. തിരുവനന്തപുരം-242, കൊല്ലം-262, പത്തനംതിട്ട-76, ആലപ്പുഴ-129, കോട്ടയം-35, ഇടുക്കി-2, എറണാകുളം-40, തൃശ്ശൂര്‍-308, പാലക്കാട്-120, വയനാട്-3, കോഴിക്കോട്-103, കണ്ണൂര്‍-84, മലപ്പുറം-243, കാസര്‍കോട്- 44 എന്നിങ്ങനെയാണ് ഗുണഭോക്താക്കളുടെ എണ്ണം. അതേസമയം പദ്ധതി പ്രകാരം ഈ സാമ്പത്തിക വർഷം ഇതുവരെ 10.58 കോടി രൂപയുടെ സഹായധനമാണ് വിതരണം ചെയ്തത്.