ബില്ലടച്ചിട്ടും വൈദ്യുതി വിച്ഛേദിച്ചു, മന്ത്രി പി പ്രസാദ് വീട്ടിലെത്തിയപ്പോൾ കറണ്ടില്ല

ആലപ്പുഴ: കൃഷിവകുപ്പ് മന്ത്രി പി പ്രസാദിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു. ആലപ്പുഴ ജില്ലയിലെ നൂറനാട്ടെ വീട്ടിലെ വൈദ്യുതി കണക്ഷനാണ് കെഎസ്ഇബി വിച്ഛേദിച്ചത്. വീട്ടിലെ ബിൽ തുക കുടിശ്ശിക വരുത്തിയെന്ന് ആരോപിച്ചാണ് കെഎസ്ഇബിയുടെ നടപടി. എന്നാൽ ബിൽ തുക മന്ത്രി കൃത്യമായി അടച്ചിരുന്നു. ഇതറിയാതെ എത്തിയ ഉദ്യോഗസ്ഥരാണ് മന്ത്രിയുടെ വീട്ടിലേക്കുള്ള വൈദ്യുതി വിതരണം തടസപ്പെടുത്തിയത്. സംഭവം വിവാദമായതോടെ കണക്ഷൻ വൈകാതെ പുനസ്ഥാപിച്ചു.

നൂറനാട് പാലമേൽ മറ്റപ്പള്ളിയിലുള്ള വീട്ടിലെ വൈദ്യുതി കണക്ഷൻ ആണ് ഉദ്യോഗസ്ഥരെത്തി വിച്ഛേദിച്ചത്. 490 രൂപയായിരുന്നു വീട്ടിലെ വൈദ്യുതി ബില്ല്. ഫെബ്രുവരി 24 ന് രാവിലെ തന്നെ ഓൺലൈനായി പണമടച്ചിരുന്നു. എന്നാൽ ഇതറിയാതെ എത്തിയ ഉദ്യോഗസ്ഥർ മാർച്ച് രണ്ടിന് വൈദ്യുതി പോസ്റ്റിൽനിന്നു വീട്ടിലേക്കുള്ള സർവീസ് വയർ മുറിച്ചുമാറ്റുകയായിരുന്നു.

മാർച്ച് അഞ്ചിനു മന്ത്രി വീട്ടിലെത്തിയപ്പോൾ വൈദ്യുതി ഇല്ലായിരുന്നു. ഇതേ തുടർന്ന് വിവരം വീട് നോക്കുന്ന സമീപവാസി കൂടിയായ പഞ്ചായത്തംഗത്തെ അറിയിച്ചു. ഇദ്ദേഹം നൂറനാട്ടെ കെഎസ്ഇബി ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ കുടിശ്ശിക വരുത്തിയതിനെ തുടർന്നാണ് നടപടിയെന്നായിരുന്നു മറുപടി.

ബിൽ തുക നേരത്തെതന്നെ അടച്ചുവെന്ന് അറിയിച്ചതോടെയാണ് ഉദ്യോഗസ്ഥർ അമളിപറ്റിയ വിവരം തിരിച്ചറിയുന്നത്. പണം അടച്ചത് അറിഞ്ഞിരുന്നില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. തുടർന്ന് വൈകാതെ തന്നെ കണക്ഷൻ പുനസ്ഥാപിച്ചു. സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.