വീടിന്റെ സീലിങ് തുരന്ന് വെടിയുണ്ടകൾ: മലയാളി യുവതി അമേരിക്കയിൽ വെടിയേറ്റ് മരിച്ചു

NRI DESK : മലയാളി യുവതി അമേരിക്കയിൽ വെടിയേറ്റ് മരിച്ചു. അമേരിക്കയിലെ അലബാമയിലാണ് സംഭവം. തിരുവല്ല സ്വദേശി മറിയം സൂസൻ മാത്യുവാണ് മരിച്ചത്. 19 വയസ്സായിരുന്നു. അലബാമയിലെ വീട്ടിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. മറിയത്തിന്‍റെ വീടിന് മുകളിലത്തെ നിലയില്‍ താമസിക്കുന്ന ആളാണ് വെടിയുതിർത്തത്. വീടിന്‍റെ സീലിങ് തുളച്ചെത്തിയ വെടിയുണ്ട മറിയത്തിന്‍റെ ശരീരത്തിൽ തുളച്ചു കയറി മരണം സംഭവിക്കുകയായിരുന്നു.

മറിയം ഉറങ്ങിക്കിടക്കുമ്പോഴാണ് സംഭവം. തലയ്ക്കാണ് വെടിയേറ്റത്. എന്നാൽ എന്തിനാണ് മറിയത്തിന്‍റെ വീടിന് മുകളില്‍ താമസിച്ചയാള്‍ വെടിവെച്ചതെന്ന് വ്യക്തമായിട്ടില്ല. അതേസമയം ഒന്നരമാസത്തിനിടെ അമേരിക്കയിൽ വെടിയേറ്റ് മരിക്കുന്ന മൂന്നാമത്തെ മലയാളിയാണ് മറിയം സൂസൻ.

തിരുവല്ല നോര്‍ത്ത് നിരണം ഇടപ്പള്ളി പറമ്പില്‍ വീട്ടില്‍ ബോബന്‍ മാത്യുവിന്റെയും ബിന്‍സിയുടെയും മകളാണ് മറിയം സൂസൻ . ബോബന്‍ മാത്യു മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസന കൗണ്‍സില്‍ അംഗമാണ്. അലബാമയില്‍ നിന്ന് മൃതദേഹം കേരളത്തിലേക്കു കൊണ്ടുവരാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.