ട്വിറ്റർ സഹസ്ഥാപകനും സിഇഒയുമായ ജാക്ക് ഡോർസെ പടിയിറങ്ങുന്നു; പുതിയ ട്വിറ്റർ സിഇഒയായി ഇന്ത്യന്‍ വംശജന്‍

NRI DESK : ഇന്ത്യൻ വംശജൻ പരാഗ് അഗ്രവാള്‍ ട്വിറ്ററിന്‍റെ പുതിയ സി.ഇ.ഒ ആയി ചുമതലയേറ്റു. കമ്പനിയുടെ സഹസ്ഥാപകൻ കൂടിയായ ജാക്ക് ഡോര്‍സി സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് ബോംബെ ഐഐടിയിലെ പൂര്‍വ വിദ്യാര്‍ഥിയായ പരാഗ് അഗ്രവാള്‍ ചുമതലയേൽക്കുന്നത്. കമ്പനി സഹസ്ഥാപകൻ ജാക്ക് ഡോര്‍സി  ട്വിറ്ററിലൂടെ തന്നെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

16 വർഷം കമ്പനിക്ക് വേണ്ടി സഹസ്ഥാപകനായും സിഇഒ ആയും എക്‌സിക്യൂട്ടീവ് ചെയർമാൻ, ഇടക്കാല സിഇഒ തുടങ്ങിയ പദവികളിലും പ്രവർത്തിച്ചു കഴിഞ്ഞെന്നും താൻ രാജിവെക്കാൻ പോകുകയാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. സ്ഥാപകന്റെ നേതൃത്വത്തിൽ നിന്നും വിട്ടുനിന്നുകൊണ്ട് കമ്പനി ഒറ്റയ്‌ക്ക് പ്രവർത്തിക്കേണ്ട സമയമായിരിക്കുകയാണ്. ഇതിന് വേണ്ടി താൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. മൂന്ന് കാര്യങ്ങളാണ് തനിക്ക് രാജിവെക്കാനുള്ള കൃത്യസമയമാണ് ഇതെന്ന് വ്യക്തമാക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് രാജി വെക്കുന്നതിന്റെ കാരണങ്ങളും ജാക്ക് ഡോർസെ കുറിച്ചു. തന്റെ സ്ഥാനത്ത് നിന്നുകൊണ്ട് പരഗ് അഗ്രവാൾ ഇനി കമ്പനിയെ നയിക്കും. ട്വിറ്ററിനെ ലോകത്തെ ജനങ്ങൾക്കിടയിലേക്ക് എത്തിക്കാൻ മുന്നിൽ നിന്ന് പ്രവർത്തിച്ച വ്യക്തിയാണ് പരഗ്. അദ്ദേഹത്തെക്കൊണ്ട് കമ്പനി മുന്നോട്ട് നയിക്കാൻ പൂർണമായും സാധിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ജാക്ക് പറഞ്ഞു.

പരാഗ് അഗ്രവാള്‍:

കർണാടകയിലെ ആറ്റോമിക് എനര്‍ജി സെന്‍ട്രലിന് കീഴിലുള്ള സ്‌കൂളില്‍ നിന്ന് സ്കൂൾ വിദ്യാഭ്യാസം. പിന്നീട് ഐഐടി മുംബൈയില്‍ നിന്ന് എഞ്ചിനീയറിംഗില്‍ (ബാച്ചിലർ ഓഫ് സയന്‍സ്) ബിരുദം നേടി. തുടർന്ന് യുഎസിലേക്ക്. പിന്നീട് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കമ്പ്യൂട്ടർ സയന്‍സില്‍ ഡോക്ടറേറ്റും സ്വന്തമാക്കി. ഇന്ന് 37 കാരനായ പരാഗ് ഒരു പതിറ്റാണ്ട് മുന്‍പ് 2010-ല്‍ സോഫ്‌റ്റ്വെയര്‍ എഞ്ചനീയറായി ആയിരുന്നു ട്വിറ്റർ കുടുംബത്തോടൊപ്പം ചേർന്നത്. ആ സമയം ട്വിറ്ററിനുണ്ടായിരുന്നത് ആയിരത്തില്‍ താഴെ ജീവനക്കാർ മാത്രം.

2017 മുതൽ കമ്പനിയുടെ ചീഫ് ടെക്‌നിക്കൽ ഓഫീസറാണ് പരഗ് അഗ്രവാൾ. കമ്പനിയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ടെക്‌നിക്കൽ സ്ട്രാറ്റജി, മെഷീൻ ലേണിംഗ് എന്നിവയുടെ ചുമതല വഹിച്ചിരുന്ന അഗ്രവാൾ പത്ത് വർഷത്തിലേറെയായി ട്വിറ്ററിൽ പ്രവർത്തിക്കുന്നു. സോഫ്റ്റ് വെയർ എൻജിനീയറായാണ് അദ്ദേഹം കമ്പനിയിൽ പ്രവർത്തനമാരംഭിച്ചത്. ഇപ്പോൾ  സിഇഒ ആയി നിയോഗിക്കപ്പെട്ടതിന് പിന്നാലെ എല്ലാവർക്കും നന്ദിയറിയിച്ചുകൊണ്ട് പരഗ് അഗ്രവാൾ രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം ട്വിറ്റർ മേധാവിയുടെ സ്ഥാനത്ത് നിന്നും പടിയിറങ്ങിയതിന് ശേഷം രാജ്യത്തെ കൊറോണ ബാധിതരെ സഹായിക്കാനാണ് തന്റെ തീരുമാനമെന്ന് ജാക്ക് ഡോർസെ അറിയിച്ചു. തന്റെ വരുമാനത്തിന്റെ 28 ശതമാനവും കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും. ഈ മഹാമാരിക്ക് ശേഷം പെൺകുട്ടികളുടെ ആരോഗ്യത്തിനും പഠനത്തിനും വേണ്ടി പ്രവർത്തിക്കുമെന്നും ജാക്ക് വ്യക്തമാക്കി.