സൗദി അറേബ്യയിൽ ഒമിക്രോൺ സ്ഥിരീകരിച്ചു

NRI DESK : ലോകരാജ്യങ്ങളെ ഭീതിയുടെ മുൾമുനയിൽ നിർത്തുന്ന കൊവിഡ് ഒമിക്രോൺ വകഭേദം ഗൾഫ് രാജ്യത്തും സ്ഥിരീകിരച്ചു. സൗദി അറേബ്യയിലാണ് രോഗം കണ്ടെത്തിയത്, ആഫ്രിക്കൻ രാജ്യത്ത് നിന്നും ഇവിടെ എത്തിയ യാത്രികനിലാണ് പരിശോധനയിൽ കൊവിഡ് വകഭേദം കണ്ടെത്തിയത്.

ഏത് ആഫ്രിക്കന്‍ രാജ്യത്തില്‍ നിന്നുള്ളയാള്‍ക്കാണ് കോവിഡ് വകഭേദം സ്ഥിരീകരിച്ചതെന്ന് വ്യക്തമല്ല. ഇദ്ദേഹവുമായി സമ്പര്‍ക്കമുണ്ടായിരുന്നവരെ ക്വാറന്‍റൈനിലേക്ക് മാറ്റി. സൗദി 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഈ വിലക്ക് ഏര്‍പ്പെടുത്തും മുന്‍പ് സൗദിയിലെത്തിയതാവാം ഇദ്ദേഹം എന്നാണ് നിഗമനം.

ദക്ഷിണാഫ്രിക്കയിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട ഒമിക്രോൺ വകഭേദത്തെ ലോകാരോഗ്യ സംഘടന രോഗം കുതിച്ചുയരാൻ കാരണമായേക്കാവുന്ന ‘വളരെ ഉയർന്ന’ അപകടസാദ്ധ്യതയുള്ള വൈറസിന്റെ ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നിരവധി യൂറോപ്യൻ രാജ്യങ്ങളിലും ഒമിക്രോൺ ഇതിനകം റിപ്പോർട്ട് ചെയ്യപ്പെട്ടു.

അതേസമയം സൗദിയിലേക്ക് കൂടുതല്‍ യാത്രാ ഇളവ് ഇന്ന് പ്രാബല്യത്തില്‍ വരാനിരിക്കെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇന്ത്യക്കാർക്ക് ഇന്ന് രാത്രി 12ന് ശേഷം സൗദി അറേബ്യയിലേക്ക് നേരിട്ട് പ്രവേശിക്കാം. സൗദിയിൽ എത്തിയ ശേഷമുള്ള ക്വാറന്‍റൈൻ പാക്കേജ് എങ്ങനെ എടുക്കണമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. നിലവിൽ അറിയിച്ച ഉത്തരവ് പ്രകാരം ഇന്ത്യയിൽ നിന്ന് വാക്‌സിൻ സ്വീകരിച്ച് വരുന്നവർക്ക് സൗദിയിലെത്തിയ ശേഷം അഞ്ച് ദിവസത്തെ ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്‍റൈൻ നിർബന്ധമാണ്.