കൊവിഡ് വാക്സിൻ എടുക്കാത്ത അധ്യാപകരുടെ വിവരങ്ങൾ ഉച്ചയ്ക്ക് പുറത്ത് വിടും; കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി

NRI DESK: കൊവിഡ് വാക്സിൻ എടുക്കാത്ത അധ്യാപകരുടെ വിവരങ്ങൾ ഉച്ചയ്ക്ക് പുറത്തുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ‘ഇതുവരെയും കൊവിഡ് വാക്സിൻ എടുക്കാത്ത അധ്യാപകരുടെ കണക്ക് വിവരങ്ങൾ ഇന്ന് ഉച്ചയ്ക്ക് പുറത്ത് വിടും. ഈ വിവരങ്ങൾ സമൂഹം അറിയണം. ഇവർക്കെല്ലാം കാരണം കാണിക്കൽ നോട്ടീസ് അടക്കം നൽകുമെന്നും’ മന്ത്രി പറഞ്ഞു.

ഒമിക്രോൺ രാജ്യത്ത് ഭീതി പടർത്തിയ സാഹചര്യത്തിൽ കൂടുതൽ സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് മന്ത്രി വ്യക്തമാക്കി. ഓരോ ജില്ല തിരിച്ചുള്ള കണക്ക് ലഭിച്ചിട്ടുണ്ടെന്നും അത് ഇന്ന് ഉച്ചയോടെ പുറത്ത് വിടുമെന്നും മന്ത്രി വ്യക്തമാക്കി. ഏത് ജില്ലയിൽ, എത്ര പേർ വാക്‌സിനേഷൻ എടുക്കാത്തതായി ഉണ്ടെന്ന് ഇതിലൂടെ വ്യക്തമാകുമെന്ന അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.

വാക്സിന്‍ എടുക്കാത്ത അധ്യാപകരോട് സ്കൂളില്‍ വരേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. അല്ലെങ്കില്‍ ഓരോ ആഴ്ചയും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അടുത്ത നടപടി എന്ന നിലയിലാണ് ആരെല്ലാമാണ് വാക്സിന്‍ എടുക്കാത്തത് എന്ന വിവരം വെളിപ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുന്നത്. ഒമിക്രോണിന്‍റെ കൂടി പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ വകുപ്പ് നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കുന്നത്. വാക്സിനെടുക്കാത്തവര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.