കോഴിക്കോട് ജില്ലയില്‍ ഒമിക്രോണ്‍ ജാഗ്രത; ലക്ഷണങ്ങൾ ഉള്ള വ്യക്തിക്ക് നാല് ജില്ലകളിലുള്ളവരുമായി സമ്പർക്കം

NRI DESK : അതിവ്യാപന ശേഷിയുള്ള കൊവിഡ്-19 വകഭേദമായ ഒമിക്രോണ്‍ സമ്പര്‍ക്കം കോഴിക്കോട് ജില്ലയിലും. നവംബര്‍ 21 ന് യുകെയില്‍ നിന്ന് വന്നയാളുടെ ശ്രവം പരിശോധനക്ക് അയച്ചു. നിലവില്‍ രോഗബാധിതന്റെ അമ്മക്കും കൊവിഡ്-19 സ്ഥിരീകരിച്ചു. നിലവില്‍ ഇയാളുടെ സമ്പര്‍ക്കത്തില്‍ 4 ജില്ലകളില്‍ ഉള്ളവര്‍ ഉണ്ടെന്നാണ് സൂചന. കായംകുളത്തും എറണാകുളത്തും ഇയാള്‍ പോയിട്ടുണ്ട്. സമ്പര്‍ക്ക പട്ടിക തയ്യാറാക്കി മറ്റു ജില്ലകളിലേക്ക് അയച്ചു.

നിലവില്‍ ഈ ഡോക്ടര്‍ക്കോ ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കോ ഗുരുതരമായ ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല. എന്നാല്‍ കൊറോണ സ്ഥിരീകരിച്ച് എട്ട് ദിവസമായിട്ടും അസുഖം ഭേദമാകാത്ത സാഹചര്യത്തിലാണ് ജനിതക പരിശോധന നടത്താന്‍ തീരുമാനിച്ചത്. ഇയാളുടെ അമ്മയ്‌ക്ക് കൊറോണ ബാധിച്ചിട്ടുണ്ട്. ഇവര്‍ക്കും കാര്യമായ ലക്ഷണങ്ങളില്ല. വെള്ളിയാഴ്ചയാണ് ഇയാളുടെ പരിശോധനാ സാമ്പിള്‍ ശേഖരിച്ച് അയച്ചത്. ഇതിന്റെ ഫലം ഉടന്‍ ലഭ്യമാകുമെന്ന് കോഴിക്കോട് ഡിഎംഒ അറിയിച്ചു. ഇദ്ദേഹം ഫൈസര്‍ വാക്‌സിന്റെ രണ്ട് ഡോസും ബൂസ്റ്റര്‍ ഡോസും സ്വീകരിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്ത രണ്ട് ഒമിക്രോണ്‍ കേസുകളും ബംഗ്‌ളൂരുവിലാണ്. 66 കാരനായ ദക്ഷിണാഫ്രിക്കന്‍ പൗരനും ബെംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ 46 കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസമാണ് ദുബായ് വഴി ദക്ഷിണാഫ്രിക്കന്‍ പൗരന്‍ ബഗ്‌ളൂരുവിലെത്തുന്നത്. അതേസമയം, ആദ്യം ഒമിക്രോൺ ബാധ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കൻ സ്വദേശിയായ 66-കാരൻ കൊവിഡ് നെഗറ്റീവായി ദുബായിലേക്ക് പോയതായും കർണാടക സർക്കാർ വ്യക്തമാക്കി. ഇരുവരും തമ്മിൽ ബന്ധമൊന്നുമില്ലെന്നും, ആദ്യത്തെയാൾ മാത്രമാണ് ദക്ഷിണാഫ്രിക്കൻ സ്വദേശിയെന്നും കർണാടക സർക്കാർ അറിയിച്ചു. എന്നാൽ വിദേശ യാത്ര നടത്തിയിട്ടില്ലാത്ത ഡോക്ടർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കുന്നതാണ്. രാജ്യത്ത് ഒമിക്രോൺ വ്യാപനം നടന്നു കൊണ്ടിരിക്കുകയാണെന്ന സൂചനയാണ് ഇത് നൽകുന്നതെന്ന് ആരോ​ഗ്യ പ്രവർത്തകർ പറയുന്നു.