‘ജോലി പോയാലും പ്രശ്നമില്ല, അച്ഛനില്ലാത്ത കുട്ടിയല്ലേ, ഇപ്പോൾ ആങ്ങളയുമില്ല; അവൾക്ക് ഞാനുണ്ട് എല്ലാമായി; വിദ്യയെ ചേർത്തുപിടിച്ച് നിധിൻ

NRI DESK : ‘പണം മോഹിച്ചല്ല താൻ അവളെ ഇഷ്ടപ്പെട്ടത്’ ഇന്നലെ ജീവനൊടുക്കിയ കുണ്ടുവാറ സ്വദേശി വിപിന്റെ സഹോദരിയുടെ പ്രതിശ്രുത വരന്റെ വാക്കുകളാണിവ. വിദേശത്തുളള ജോലി പോയാലും പ്രശ്‌നമില്ല, വിദ്യയെ വിവാഹം കഴിച്ച ശേഷമേ മടങ്ങുകയുള്ളുവെന്നും പ്രതിശ്രുത വരൻ നിധിൻ പറഞ്ഞു.

പ്രതിസന്ധികളിലും നാട്ടുനടപ്പ് അനുസരിച്ച് വിവാഹം നടത്തണമെന്നായിരുന്നു വിപിന്റെ ആഗ്രഹം. അച്ഛനില്ലാത്ത സ​ഹോദരി വിദ്യയെ കുറവുകളൊന്നും അറിയിക്കാതെയാണ് അമ്മയും വിപിനും വളർത്തിയത്. അതിനാൽ അവളുടെ വിവാഹത്തെ പറ്റിയും വിപിൻ ഒരുപാട് സ്വപ്നം കണ്ടു. സഹോദരിക്ക് പങ്കാളിയെ കണ്ടെത്തിയതോടെ വിപിൻ വിവാഹത്തിനായുള്ള ഒരുക്കങ്ങളും ആരംഭിച്ചു. എന്നാൽ അവസാന നിമിഷം ഉറപ്പിച്ചിരുന്ന ബാങ്ക് ലോൺ ലഭിക്കാതിരുന്നതോടെ വിപിൻ ആത്മഹത്യ ചെയ്തു.

രണ്ടര വർഷമായി നിധിയും വിദ്യയും പ്രണയത്തിലായിരുന്നു. ഇരു വീട്ടുകാരും പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നു ഇത്. ഷാർജയിൽ എസി മെക്കാനിക്കാണ് വിപിൻ. രണ്ടാഴ്ച മുൻപാണ് വിവാഹത്തിനായി ഇയാൾ നാട്ടിലെത്തിയത്. ഞായറാഴ്ച വിവാഹം നടത്താനായിരുന്നു കുടുംബത്തിന്റെ തീരുമാനം. അതിനിടെയാണ് വിപ്പിന്റെ ആത്മഹത്യ കുടുംബത്തെ അപ്പാടെ ഉലച്ചു കളഞ്ഞത്.

സ്വത്തും പണവുമൊന്നും തനിക്കാവശ്യമില്ലെന്നും വിവാ​ഹത്തിന് വലിയ ചിലവൊന്നും വേണ്ടതില്ലെന്നും നിധിൻ വിപിനെ അറിയിച്ചിരുന്നു. എന്നാൽ ബാങ്കിൽ ലോൺ ശരിയായിട്ടുണ്ടെന്നും പെങ്ങളെ വെറുംകൈയോടെ വിടാനാകില്ലെന്നുമായിരുന്നു വിപിന്റെ നിലപാട്. ബാങ്കിൽ നിന്നും വായ്പ ശരിയാകുമെന്നാണ് വിചാരിച്ചിരുന്നത്. എന്നാൽ പണം ലഭിക്കാതെ വന്നതോടെ അമ്മയെ സ്വർണം വാങ്ങാൻ ജ്വല്ലറിയിൽ ഇരുത്തിയ ശേഷം വിപിൻ വീട്ടിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.

എന്നാൽ താൻ സ്വർണമോ പണമോ ഒന്നും ചോദിച്ചിരുന്നില്ലെന്ന് നിധിൻ പറഞ്ഞു. ജനുവരി ആദ്യവാരം വിദേശത്തേക്ക് തിരികെ പോകാനാണ് കമ്പനി നിർദ്ദേശം. എന്നാൽ 41 ചടങ്ങ് കഴിഞ്ഞ് വിവാഹത്തിന് ശേഷമേ തിരികെ പോകൂ. അച്ഛനില്ലാത്ത കുട്ടിയല്ലേ. ഇപ്പോൾ ആങ്ങളയുമില്ല. ഇനി ഞാനുണ്ടവൾക്ക് എല്ലാമായി എന്നും നിധിൻ പറഞ്ഞു. ഇപ്പോൾ വിപിൻ കൂടി പോയതോടെ തകർന്ന ദിവ്യയുടെ കുടുംബത്തെ ചേർത്ത് പിടിക്കാനാണ് നിധിന്റെ തീരുമാനം.