ഹർഭജൻ സിംഗ് വിരമിച്ചു: അവസാനിപ്പിച്ചത് 23 വർഷത്തെ കരിയർ

NRI DESK : ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓഫ് സ്പിന്നർമാരിൽ ഒരാളായ ഹർഭജൻ സിംഗ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് 23 വർഷങ്ങളോളം നീണ്ട ബ്രഹത്തായ കരിയർ മതിയാക്കുന്നതായി ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓഫ് സ്പിന്നർ അറിയിച്ചത്. ഐപിഎൽ മത്സരങ്ങളിലും താരം ഇനി കളിക്കില്ല. 41 വയസ്സുകാരനായ താരം 2016ലാണ് ഇന്ത്യക്കായി അവസാനം കളിച്ചത്. പിന്നീട് ഐപിഎലിൽ ഹർഭജൻ സജീവമായിരുന്നു.

എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ടാകും. ജീവിതത്തില്‍ എനിക്ക് എല്ലാം നേടിത്തന്ന ക്രിക്കറ്റിനോട് ഞാന്‍ വിട പറയുകയാണ്. 23 വര്‍ഷത്തെ കരിയര്‍ മനോഹരവും അനുസ്മരണീയവുമാക്കിയ എല്ലവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. എന്റെ ഹൃദയത്തില്‍ നിന്നുള്ള നന്ദി രേഖപ്പെടുത്തുന്നു-ണ് എന്നും ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തു

1998ൽ ഇന്ത്യക്കായി അരങ്ങേറിയ താരമാണ് ഹർഭജൻ സിംഗ്. ടെസ്റ്റ്, ഏകദിന അരങ്ങേറ്റങ്ങൾ അക്കൊല്ലം തന്നെ നടന്നു. 2006ൽ ടി-20 അരങ്ങേറ്റവും നടന്നു. 103 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 417 വിക്കറ്റുകളാണ് താരത്തിനുള്ളത്. ഭേദപ്പെട്ട ലോവർ ഓർഡർ ബാറ്റർ കൂടിയായ ഹർഭജൻ 9 ഫിഫ്റ്റിയും 2 സെഞ്ചുറിയും സഹിതം ടെസ്റ്റിൽ 2224 റൺസും നേടിയിട്ടുണ്ട്. 236 ഏകദിന മത്സരങ്ങളിൽ നിന്ന് 269 വിക്കറ്റുകളും 28 ടി-20കളിൽ നിന്ന് 25 വിക്കറ്റും അദ്ദേഹം സ്വന്തമാക്കി. മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിംഗ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ഐപിഎൽ ടീമുകളിലും കളിച്ച ഭാജി 163 മത്സരങ്ങളിൽ നിന്ന് 150 വിക്കറ്റുകളാണ് നേടിയത്.