‘തല്‍ക്കാലം ഒരു ചുവട് പിന്നോട്ട് വച്ചു, മുന്നോട്ട് തന്നെ വരും’; കാർഷിക നിയമങ്ങൾ വീണ്ടും കൊണ്ടുവരുമെന്ന സൂചന നൽകി കേന്ദ്ര കൃഷിമന്ത്രി

NRI DESK : കര്‍ഷക പ്രതിഷേധ തുടര്‍ന്ന് പിന്‍വലിക്കപ്പെട്ട വിവാദ കാര്‍ഷിക നിയമങ്ങള്‍ തിരിച്ചുകൊണ്ടുവരുമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. നാഗ്പുരില്‍ലെ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് കൃഷിമന്ത്രി വിവാദ കാര്‍ഷിക നിയമങ്ങള്‍ തിരിച്ചുകൊണ്ടുവരുമെന്ന സൂചനകള്‍ നല്‍കിയത്. കഴിഞ്ഞ മാസമാണ് വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്ര്യാപിക്കുകയും പാര്‍ലമെന്റില്‍ നിയമം പിന്‍വലിക്കുകയും ചെയ്തത്.

ഞങ്ങള്‍ കാര്‍ഷിക ഭേദഗതി നിയമങ്ങള്‍ കൊണ്ടുവന്നു. പക്ഷെ, ചില ആളുകള്‍ക്ക് ആ നിയമങ്ങള്‍ ഇഷ്ടമായില്ല. സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷങ്ങള്‍ക്കു ശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന വന്‍ പരിഷ്‌കാരമായിരുന്നു അവ എന്നും, തോമര്‍ പറഞ്ഞു. എന്നാല്‍ സര്‍ക്കാരിന് നിരാശയില്ല. ഞങ്ങള്‍ ഒരു ചുവടു പിന്നോട്ടുവെച്ചു. പക്ഷെ ഞങ്ങള്‍ വീണ്ടും മുന്നോട്ടുപോകും, കാരണം കര്‍ഷകരാണ് ഇന്ത്യയുടെ നട്ടെല്ല്’- നരേന്ദ്ര സിംഗ് തോമര്‍ കൂട്ടിച്ചേര്‍ത്തു.