പുതുവർഷത്തെ വരവേറ്റ് ലോകം; ഒമിക്രോണിനിടെയിലും ഇത് പ്രതീക്ഷയുടെ പുതുവർഷം

NRI DESK : പുതിയ പ്രതീക്ഷകളുമായി 2022 പിറന്നു. ഒമിക്രോൺ ഭീതികൾക്കിടയിൽ കനത്ത നിയന്ത്രണത്തിലാണ് ലോകമെങ്ങും പുതുവർഷത്തെ വരവേറ്റത്.ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും കടുത്ത നിയന്ത്രണത്തോടെയാണ് പുതുവത്സരാഘോഷം നടന്നത്. രാജ്യതലസ്ഥാനമായ ദില്ലി, മുംബൈ, ബെംഗളൂരു തുടങ്ങിയ വലിയ നഗരങ്ങളില്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ലോകത്തിലെ എല്ലാ രാജ്യങ്ങളിലും നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്ന് ആഘോഷത്തോടെയാണ് പുതുവത്സരത്തെ എതിരേറ്റത്. മിക്ക രാജ്യങ്ങളിലും കൊറോണവൈറസ് പുതിയ വകഭേദമായ ഒമിക്രോണിന്റെ ഭീഷണി നിലനിന്നിരുന്നതിനാല്‍ തെരുവുകളിലും നഗരങ്ങളിലും ആഘോഷങ്ങള്‍ക്ക് നിയന്ത്രണമുണ്ടായിരുന്നു.

പസഫിക്കിലെ കുഞ്ഞു ദ്വീപായ ടോങ്കോയിലാണ് ആദ്യം പുതുവർഷമെത്തിയത്.പിന്നാലെ സമീപ പ്രദേശങ്ങളായ സമോവ, ക്രിസ്മസ് ദ്വീപ് എന്നിവിടങ്ങളിലും പുതുവർഷമെത്തി. ന്യൂസിലാൻഡിലെ ഓക്ലാൻഡ് നഗരത്തിലാണ് ആദ്യം പുതുവത്സരാഘോഷം നടത്തിയത്.ഒമിക്രോൺ ഭീതി നിലനിൽക്കുന്ന ലണ്ടനിൽ ഈ തവണ വലിയ ആഘോഷങ്ങൾ ഉണ്ടായില്ല. പരമ്പരാഗതമായി നടത്തുന്ന വെടിക്കെട്ട് ഇത്തവണ ലണ്ടനിൽ ഒഴിവാക്കിയിരുന്നു.

ഒമിക്രോൺ വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്തും  കനത്ത നിയന്ത്രണങ്ങളോടെയായിരുന്നു പുതുവത്സരാഘോഷം നടന്നത്. തിരുവനന്തപുരത്തെ പ്രധാന ഇടങ്ങളിലെല്ലാം10 മണിയോടെ തന്നെ ആഘോഷങ്ങൾ അവസാനിപ്പിച്ചു. നഗരത്തിന്‍റെ വിവിധ മേഖലകളിൽ കർശന പരിശോധനയാണ് പൊലീസ് നടത്തിയത്. ആഘോഷങ്ങൾ പൊടിപൊടിക്കാറുള്ള കോവളത്തും വർകലയിലും വൈകുന്നേരം നല്ല തിരക്കുണ്ടായിരുന്നു. എന്നാൽ എട്ടരയോടെ ഉന്നത പോലിസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ എത്തി മുഴുവൻ ആളുകളേയും ബീച്ചിൽ നിന്നും ഒഴിപ്പിച്ചു. പത്തുമണിയോടെ പ്രധാന ഇടങ്ങളെല്ലാം വിജനമായി. നേരത്തേ പിരിയേണ്ടി വന്ന നിരാശ ഉണ്ടെങ്കിലും ഈ വറുതിക്കാലം മാറി നല്ലൊരു പുലരി പിറക്കും എന്ന പ്രതീക്ഷയോടെയാണ് പലരും മടങ്ങിയത്.