ഒരുപടി മുന്നിലേക്ക്: കോവിഡ് വാക്‌സിൻ നാലാം ഡോസിനും അനുമതി നൽകി ഇസ്രയേൽ

NRI DESK : കൊവിഡ് 19ന്റെ ഒമിക്രോൺ വകഭേദത്തെ പിടിച്ചുകെട്ടാൻ നിർണായക ചുവടുവയ്പ്പുമായി ഇസ്രയേൽ. രാജ്യത്തെ രോഗ പ്രതിരോധ ശേഷി കുറഞ്ഞവർക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്കുമായി കൊവിഡ് വാക്സിന്റെ നാലാം ഡോസ് വിതരണം ഇന്നലെ ഇസ്രയേലിൽ ആരംഭിച്ചു. പൊതുജനങ്ങൾക്ക് നാലാം ഡോസ് വാക്സിൻ വിതരണം ചെയ്യുന്ന ആദ്യ രാജ്യങ്ങളിലൊന്നാണ് ഇസ്രയേൽ.

ഇസ്രാഈൽ ആരോഗ്യ മന്ത്രാലയം ഡയറക്ടർ ജനറൽ നാഷ്മാൻ ആഷ് ആണ് കോവിഡ് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കുന്നതിന്റെ ഭാഗമായി നാലാമത്തെ ഡോസിനും അനുമതി നൽകിയതായി കഴിഞ്ഞ ആഴ്യാണ് പ്രഖ്യാപിച്ചത്. ഇതുനു പിന്നാലെ പരീക്ഷണാടിസ്ഥാനത്തിൽ ആരോഗ്യപ്രവർത്തകർക്കും അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയമായവർക്കും വാക്‌സിൻ നൽകി.

അതേസമയം ഒമിക്രോണ്‍ വ്യാപനത്തില്‍ ലോകത്തിന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്ത് എത്തിയിരുന്നു. കൊറോണ വൈറസിന്റെ ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങള്‍ ഒരേ സമയം പടരുന്നത് സുനാമി കണക്കെ കേസുകള്‍ ഉയരാന്‍ ഇടയാക്കുമെന്നും ആരോഗ്യ സംവിധാനങ്ങള്‍ കരുതിയിരിക്കണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു.