ഒമിക്രോൺ വ്യാപനം; സുപ്രീംകോടതി നടപടികൾ വീണ്ടും വെർച്വൽ സംവിധാനത്തിലേക്ക്

NRI DESK : ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ‌ സുപ്രീംകോടതി നടപടികൾ വീണ്ടും വെർച്വൽ സംവിധാനത്തിലേക്ക് മാറുന്നു. രണ്ടാഴ്ചത്തേക്ക് എല്ലാ കോടതികളുടെയും പ്രവർത്തനം വെർച്വലാക്കി. ഒരിടവേളയ്ക്ക് ശേഷം രാജ്യത്തെ കോടതികളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക് മടങ്ങിയെത്തുന്നതിനിടെയാണ് ഒമിക്രോൺ വ്യാപനം ഉണ്ടായത്. ഈ സാഹചര്യത്തിലാണ് മുമ്പത്തെ പോലെ സുപ്രീംകോടതി നടപടികൾ വെർച്വൽ‌ സംവിധാനത്തിലേക്ക് മാറ്റാനുള്ള തീരുമാനം വന്നിരിക്കുന്നത്.

അതേസമയം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. രാജ്യത്ത് ഇന്നലെ 27,553 കൊവിഡ് സ്ഥിരീകരിച്ചു. 284 മരണവും റിപ്പോർട്ട് ചെയ്തു. ഒമിക്രോൺ കേസുകളുടെ എണ്ണം 1500 കടന്നു. ഇതുവരെ സ്ഥിരീകരിച്ചത് 1525 പേർക്കാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. 460 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗബാധ സ്ഥിരീകരിച്ചത്.