പാകിസ്ഥാനിൽ അതിശക്തമായ മഞ്ഞുവീഴ്ച്ച; 21 പേർ മരണപ്പെട്ടു

NRI DESK : പാകിസ്ഥാനിലുണ്ടായ ശക്തമായ മഞ്ഞുവീഴ്ച്ചയിൽ 21 പേർ മരണപ്പെട്ടു. പർവതനഗരമായ മുറേയിൽ വാഹനങ്ങൾക്ക് മുകളിലേക്ക് മഞ്ഞുപതിച്ചാണ് അപകടമുണ്ടായത്. കാറിനുള്ളിൽ കുടുങ്ങിയ അഞ്ച് പേർ തണുത്തുറഞ്ഞാണ് മരണപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളായി പർവ്വത മേഖലകളിൽ അതിശൈത്യം തുടരുകയാണ്.

ഇവിടെ വാഹനങ്ങളിൽ സഞ്ചരിച്ചിരുന്നവർ മഞ്ഞുവീഴ്ചയെ തുടർന്ന് കുടുങ്ങുകയും അപകടത്തിൽപ്പെടുകയുമായിരുന്നു. മിക്കവരും ഹൈപ്പോതെർമിയ ബാധിച്ചാണ് മരിച്ചത്. ശരീരത്തിൽ പൊടുന്നനെ താപനില കുറയുന്ന അവസ്ഥയാണിത്. കാറിലെ ഹീറ്ററുകൾ തുടർച്ചയായി ദീർഘനേരം പ്രവർത്തിച്ചതുമൂലം കാറിനുള്ളിൽ നിന്നുണ്ടായ കാർബൺ മോണോക്‌സൈഡ് വിഷവാതകം ശ്വസിച്ചും ചിലർ മരണപ്പെട്ടു. മരിച്ചവരിൽ ഇസ്ലാമാബാദ് പോലീസിലെ രണ്ട് ഓഫീസർമാരും ഏഴംഗ കുടുംബാംഗങ്ങളുമുണ്ട്.

മഞ്ഞു വീഴ്ച്ച കാരണം വിനോദ സഞ്ചാര മേഖലകളിലൊന്നായി മാറിയ പ്രദേശമാണ് മുറേ. നിരവധി സഞ്ചാരികളാണ് എല്ലാ വർഷവും മഞ്ഞു വീഴ്ച്ച ആസ്വദിക്കാനായി ഇവിടെയെത്തുന്നത്. ഇത്തവണ സമാന രീതിയിൽ നൂറു കണക്കിന് സഞ്ചാരികൾ പ്രദേശത്ത് എത്തിച്ചേർന്നിരുന്നു. അപ്രതീക്ഷിതമായി ഒട്ടനവധി വിനോദ സഞ്ചാരികൾ എത്തിയതോടെ മുറേ നഗരത്തിലും തൊട്ടടുത്ത നഗരത്തിലും വലിയ ഗതാഗതക്കുരുക്കിനു കാരണമായിയിരുന്നു. പ്രദേശത്ത് അവശ്യ സാധനങ്ങൾക്ക് ജനങ്ങൾ പ്രയാസപ്പെടുന്നതായിട്ടാണ് വിവരം. സഞ്ചാരികൾ താമസിക്കുന്ന മിക്ക റിസോർട്ടുകളിലും പാചക വാതകം ഉൾപ്പെടെയുള്ളവ തീർന്നിരിക്കുകയാണ്. കുടിവെള്ള ക്ഷാമവും പ്രദേശത്തുണ്ട്.

അതേസമയം ഇത്ര വലിയ ഒരു ദുരന്തം നേരിട്ടത്തോടെ പ്രദേശത്തെ ദുരന്ത മേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണ്. അർധസൈനിക വിഭാഗത്തിന്റെയും പ്രത്യേക സൈനിക വിഭാഗത്തിന്റെയും സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. നിരവധി വാഹനങ്ങൾ മഞ്ഞിൽ നിന്ന് പുറത്തെടുത്തെങ്കിലും ഇപ്പോഴും നൂറുക്കണക്കിന് വാഹനങ്ങൾ മഞ്ഞിൽ പുതഞ്ഞുകിടക്കുകയാണെന്നാണ് വിവരം.