പന്നിയുടെ ഹൃദയം മനുഷ്യന് മാറ്റിവെച്ചു; ശസ്ത്രക്രിയ വിജയം, ചരിത്രപരമെന്ന് മെഡിക്കല്‍ സംഘം

NRI DESK : അമേരിക്കയിൽ പന്നിയുടെ ഹൃദയം മനുഷ്യന് മാറ്റിവെച്ചു. ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് 57കാരനായ ഡേവിഡ് ബെന്നറ്റിന് മാറ്റിവെച്ചത്. ഡേവിഡ് ബെന്നറ്റ് സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അമേരിക്കയിലെ മേരിലാൻഡ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലാണ് ശസ്ത്രക്രിയ നടന്നത്.

അവയവ ക്ഷാമം പരിഹരിക്കുന്നതിൽ നിർണ്ണായക ചുവടുവെപ്പാണിതെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. ഏഴ് മണിക്കൂർ നീണ്ട നിർണ്ണായകവും സങ്കീർണ്ണവുമായ ശസ്ത്രക്രിയ ആയിരുന്നു ഇത്. നിര്‍ണായകമായ ശസ്ത്രക്രിയകള്‍ നടന്ന ശേഷമുള്ള ദിവസങ്ങള്‍ ഏറെ സങ്കീര്‍മാണെന്ന് മെഡിക്കല്‍ സംഘം പറഞ്ഞു. ബെനറ്റന്റെ ആരോഗ്യം സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്നും ഇതുവരെ ആരോഗ്യപരമായ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. തിങ്കളാഴ്‌ച്ചയാണ് ശസ്ത്രക്രിയ നടന്നത്. എന്നാൽ ഇതോടെ ജനിതക മാറ്റം വരുത്തിയ മൃഗങ്ങളുടെ അവയവം മനുഷ്യരിലും പ്രവർത്തിക്കുമെന്ന് തെളിഞ്ഞതായി ശസ്ത്രക്രിയയ്‌ക്ക് മേൽനോട്ടം നൽകിയ ഡോക്ടർമാർ പറഞ്ഞു.

അമേരിക്കയില്‍ അവയവം മാറ്റിവെയ്ക്കാനായി കാത്തിരിക്കുന്നവരില്‍ പന്ത്രണ്ടോളം പേര്‍ ദിവസേന മരിക്കുന്നു. അവയവം ലഭ്യമല്ലാത്തതാണ് കാരണം. 3817 അമേരിക്കക്കാരില്‍ കഴിഞ്ഞ തവണ മനുഷ്യ ഹൃദയം മാറ്റിവെയ്ക്കുകയുണ്ടായി. പക്ഷേ ശസ്ത്രക്രിയക്കായി കാത്തിരിക്കുന്നവര്‍ അതിലേറെയാണ്. ഇതോടെയാണ് പന്നികളുടെ ഹൃദയം മാറ്റിവെയ്ക്കാനുള്ള സാധ്യത ശാസ്ത്രലോകം തേടിയത്. പുതിയ ജീൻ എഡിറ്റിംഗും ക്ലോണിംഗ് സാങ്കേതികവിദ്യകളും ഗവേഷണം ഊര്‍ജിതമാക്കി. ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മസ്തിഷ്ക മരണം സംഭവിച്ച ഒരാൾക്ക് വിജയകരമായി നേരത്തെ ഘടിപ്പിച്ചിരുന്നു. മാസങ്ങൾക്ക് ശേഷമാണ് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത്.

ബെനറ്റിന് പരീക്ഷണം വിജയിക്കുമെന്ന് യാതൊരു ഉറപ്പുമില്ലായിരുന്നു. മനുഷ്യ ഹൃദയത്തിനായി ദിവസങ്ങളോളം കാത്തുനിന്നിരുന്നു. ഒന്നുകിൽ മരിക്കുക, അല്ലെങ്കിൽ ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം ഉടൻ തന്നെ ട്രാൻസ്പ്ലാന്റ് ചെയ്യുക എന്ന വഴിമാത്രമെ മുന്നിലുണ്ടായിരുന്നുള്ളൂ എന്ന് അദ്ദേഹത്തിന്റെ മകൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.