കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കൊറോണ സ്ഥിരീകരിച്ചു; സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു

NRI DESK : കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരിയ രോഗലക്ഷണങ്ങളോടെ ഗഡ്കരി ഐസൊലേഷനിലാണ്. താനുമായി അടുത്ത ദിവസങ്ങളിൽ സമ്പർക്കം പുലർത്തിയവരോട് പരിശോധന നടത്താൻ മന്ത്രി നിർദേശിച്ചു.

ഇന്ന് രാത്രി പതിനൊന്ന് മണിയോടെ ട്വിറ്ററിലൂടെയായിരുന്നു കേന്ദ്രമന്ത്രിയുടെ അറിയിപ്പ്. ട്വീറ്റ് ഇങ്ങനെ : ‘ ചെറിയ രോഗലക്ഷണങ്ങളോടെ എനിക്ക് കൊവിഡ് പോസ്റ്റീവ് സ്ഥിരീകരിച്ചു. എല്ലാ പ്രൊട്ടോക്കോളും പാലിച്ചുകൊണ്ട് ഞാൻ വീട്ടിൽ ക്വാറന്റീനിൽ കഴിയുകയാണ്. ഞാനുമായി സമ്പർക്കമുണ്ടായിരുന്നവർ പരിശോധന നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു.’

നേരത്തെ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ എന്നിവർക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇവർ സ്വയം നിരീക്ഷണത്തിലാണ്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എന്നിവർക്കും കൊറോണ പോസിറ്റീവായിരുന്നു. കുറച്ച് ദിവസങ്ങൾക്കിടെ രാജ്യത്ത് കൊറോണ കേസുകളിൽ വൻ വർദ്ധനവാണ് വന്നിരിക്കുന്നത്. 1,68,063 കേസുകളാണ് ഒരു ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൂന്നാം തരംഗത്തിന്റെ സൂചനകളാണ് ഇതിലൂടെ ലഭിക്കുന്നത്.