ചുരുളിയിലെ ഭാഷാ പ്രയോഗം ക്രിമിനൽ കുറ്റമല്ല: സന്ദർഭത്തിന് യോജിച്ചതെന്ന് പോലീസ്

NRI DESK: ചുരുളി സിനിമയിലെ ഭാഷാ പ്രയോഗം ക്രിമിനൽ കുറ്റമായി കാണേണ്ടതില്ലെന്ന് പൊലീസ്. എഡിജിപി പത്മകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് സിനിമയിലെ ഭാഷാ പ്രയോഗം സന്ദർഭത്തിന് യോജിച്ചതെന്നാണ് വിലയിരുത്തലിൽ എത്തിയത്.

ഹൈക്കോടതി നിർദ്ദേശ പ്രകാരമായിരുന്നു ചുരുളിയിലെ ഭാഷാ പ്രയോഗത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സിമിതിയെ നിയമിച്ചത്. സിനിമയ്‌ക്കെതിരെയുള്ള ഹർജി പരിഗണിക്കവെ ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് അറിയിക്കാൻ ഹൈക്കോടതി എഡിജിപിയ്‌ക്ക് നിർദ്ദേശം നൽകിയിരുന്നു. എസ്പിമാരായ ദിവ്യ ഗോപിനാഥ്, എ നസീം എന്നിവരും സമിതിയിലുണ്ടായിരുന്നു.

ചുരുളി പൊതു ധാർമ്മികതയ്ക്ക് നിരക്കാത്തതാണെന്നും ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവ്വിൽ നിന്നും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ സ്വദേശിനിയായ അഭിഭാഷക ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. സിനിമ സമൂഹത്തെ സ്വാധീനിക്കുന്ന കലാരൂപമാണെന്നും ചിത്രത്തിലെ സംഭാഷണങ്ങൾ സ്ത്രീകളുടേയും കുട്ടികളുടേയും അന്തസ്സ് കളങ്കപ്പെടുത്തുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്.തുടർന്ന് സിനിമ കണ്ട് റിപ്പോർട്ട് നൽകാൻ ഡിജിപിക്ക് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.

അതേസമയം ചിത്രത്തിൽ നിയമലംഘനം നടന്നിട്ടില്ലെന്നെന്നായിരുന്നു ഹൈക്കോടതിയുടെ വിലയിരുത്തൽ. സിനിമ എന്നത് സംവിധായകന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമാണെന്നും അതിൽ കൈകടത്താൻ സാധിക്കില്ലെന്നും കോടതി അറിയിച്ചിരുന്നു.