2 ലക്ഷം കടന്ന് രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ

NRI DESK : രാജ്യത്ത് കെറോണ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. പ്രതിദിന കേസുകൾ രണ്ടര ലക്ഷത്തിലേക്കാണ് അടുക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 2,47,417 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 27 ശതമാനം വർദ്ധനവാണ് രോഗികളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്.

ഇന്ന് രാജ്യത്ത് 2,47,417 പേർക്ക്കൂടി കൊവിഡ്‌ സ്ഥിരീകരിച്ചത്തോടെ ആകെ കേസുകളുടെ എണ്ണം 36,317,927 ആയി ഉയർന്നു. അതിനിടെ 380 മരണം കൂടി ഇന്നലെ റിപ്പോർട്ട് ചെയ്തു. എന്നാൽ എട്ട് മാസത്തിന് ശേഷമാണ് കൊറോണ രോഗികളുടെ എണ്ണത്തിൽ ഇത്ര വർദ്ധനവുണ്ടാകുന്നത്. ഇതോടെ രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വർദ്ധിച്ചിട്ടുണ്ട്. നിലവിൽ 13.11 ശതമാനമാണ് ടിപിആർ. രോഗമുക്തി നിരക്കിലും വർദ്ധനവുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 84,825 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ രാജ്യത്ത് 11,17,531 സജീവ രോഗികളുണ്ട്.

അതേസമയം രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം 5488 ആയി. രാജ്യത്ത് കൊവിഡ് വ്യാപനം വർധിച്ചതോടെ നിലവിലെ സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി ഇന്ന് ചർച്ച നടത്തും. വൈകിട്ട് 4.30ന് വിഡിയോ കോൺഫറൻസിംഗ് വഴിയാണ് യോഗം ചേരുന്നത്. ഞായറാഴ്ച ഉന്നതതല യോഗം ചേർന്ന് പ്രധാനമന്ത്രി സാഹചര്യം വിലയിരുത്തിയിരുന്നു.