യുപിയിൽ ഒരു എംഎൽഎ കൂടി പാർട്ടി വിട്ടു; ഇതോടെ രാജിവെച്ച എം.എല്‍.എമാരുടെ എണ്ണം 7 ആയി

NRI DESK : ഉത്തർപ്രദേശിൽ ബിജെപിക്ക് കനത്ത തിരിച്ചടി നൽകി ഒരു എംഎൽഎ കൂടി രാജിവച്ചു. ഷിഖോഹാബാദ് എം.എല്‍.എ മുകേഷ് വര്‍മയാണ് ഇന്ന് രാജി വെച്ചത്.  മുകേഷ് വർമ പിന്നാക്ക സമുദായത്തിൽ നിന്നുള്ള നേതാവാണ്. ഇതോടെ  രണ്ട് ദിവസത്തിനിടെ രാജിവെച്ചത് ഏഴ് എം.എല്‍.എമാരാണ്. ഇവരില്‍ രണ്ട് മന്ത്രിമാരുമുണ്ട്. യോഗി സർക്കാർ ഉത്തർപ്രദേശിലെ പിന്നാക്ക – ന്യൂനപക്ഷ സമുദായങ്ങൾ, കർഷകർ, തൊഴിൽരഹിതർ എന്നിവരെ അവഗണിക്കുകയാണെന്ന് മുകേഷ് വർമ ​​ആരോപിച്ചു- “ബി.ജെ.പി സർക്കാരിന്റെ അഞ്ച് വർഷത്തെ ഭരണകാലത്ത് ദലിത്, പിന്നാക്ക, ന്യൂനപക്ഷ സമുദായങ്ങളിലെ നേതാക്കന്മാർക്കും ജനപ്രതിനിധികൾക്കും ഒരു പരിഗണനയും നൽകിയില്ല. ഈ സമുദായങ്ങൾ അവഗണിക്കപ്പെട്ടു. അതിനാൽ ഞാൻ ബി.ജെ.പിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെയ്ക്കുന്നു”- മുകേഷ് വര്‍മ ട്വീറ്റ് ചെയ്തു.

ഉത്തർപ്രദേശിൽ മുതിർന്ന മന്ത്രിയും പിന്നാക്കവിഭാഗങ്ങൾക്കിടയിലെ ശക്തനായ നേതാവുമായിരുന്ന സ്വാമി പ്രസാദ് മൗര്യ രാജിവച്ചതിന് പിന്നാലെ ബുധനാഴ്ച വനംമന്ത്രി ദാരാ സിംഗ് ചൗഹാനും രാജി വച്ചിരുന്നു. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് വിജയം യോഗി ആതിഥ്യനാഥിനെ സംബന്ധിച്ചടത്തോളം അഭിമാന പോരാട്ടമാണ്, ഈ സാഹചര്യത്തിലാണ് പാർട്ടിയെ പ്രതിരോധത്തിലാക്കി കൂട്ടരാജി നടക്കുന്നത്.  കേന്ദ്രത്തില്‍ അധികാരം നിലനിര്‍ത്തണമെങ്കില്‍ യുപിയില്‍ വിജയം ബിജെപിക്ക് അനിവാര്യമാണ് എന്നതും പാർട്ടിയെ കൂടുതൽ സമ്മർദത്തിൽ ആകുന്നു.

റോഷന്‍ ലാല്‍ വര്‍മ്മ, ബ്രിജേഷ് പ്രജാപതി, ഭഗവതി സാഗര്‍, വിനയ് ശാക്യ എന്നീ നാല് എം.എല്‍.എമാരാണ് മൗര്യക്കൊപ്പം കഴിഞ്ഞ ദിവസം രാജിവെച്ചത്. “എന്‍റെ നീക്കം ബി.ജെ.പിയിൽ ഭൂചലനത്തിന് കാരണമായി. കൂടുതൽ മന്ത്രിമാരും എം.എൽ.എമാരും എനിക്കൊപ്പം പാർട്ടി വിടും”- സ്വാമി പ്രസാദ് മൗര്യ അവകാശപ്പെട്ടു. മൗര്യ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞത് ജനുവരി 14ന് സമാജ്‌വാദി പാർട്ടിയിൽ ചേരുമെന്നാണ്. ഇതിനി പിന്നാലെയാണ് ധാരാ സിംഗിന്റെയും മുകേഷ് വര്‍മയുടെയും രാജി