ശബരിമല മകരവിളക്ക് ഇന്ന്; ദർശനം കാത്ത് ഭക്തലക്ഷങ്ങൾ

NRI DESK : ശബരിമലയിൽ മകരവിളക്ക് ഇന്ന്. ആയിരക്കണക്കിന് ഭക്തർക്ക് ദർശന പുണ്യമായി സന്ധ്യയ്ക്ക് മകരവിളക്ക് തെളിയും. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്ക്ക് ശേഷമാണ് പൊന്നമ്പലമേട്ടിലെ മകരജ്യോതി തെളിയുക.

ഉച്ചയ്‌ക്ക് 2.29നാണ് മകരസംക്രമ മുഹൂർത്തം. കവടിയാർ കൊട്ടാരത്തിൽ നിന്നുള്ള മുദ്രയിലെ നെയ്യ്, സംക്രമവ വേളിയിൽ അഭിഷേകം ചെയ്യും. പന്തളത്തു നിന്നുള്ള തിരുവാഭരണ ഘോഷയാത്ര വൈകിട്ട് 6.20ന് ശേഷം സന്നിധാനത്തെത്തും. തന്ത്രിയും മേൽശാന്തിയും തിരുവാഭരണം ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തും. 6.30നും 6.45നും മദ്ധ്യേ ദീപാരാധന. തുടർന്ന്‌ മകരജ്യോതി, മകരവിളക്ക്‌ ദർശനം. സുരക്ഷിതമായ ദർശനത്തിന്‌ എല്ലാ സൗകര്യങ്ങളും പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ അഡ്വ. കെ അനന്തഗോപൻ അറിയിച്ചു.

മകരവിളക്ക് മഹോത്സവത്തിനായി വിപുലമായ ക്രമീകരണങ്ങളാണ് ശബരിമലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. പാണ്ടിത്താവളം, മാളികപ്പുറം, അന്നദാന മണ്ഡപത്തിന് സമീപം തുടങ്ങിയ ഇടങ്ങളിലായി ദർശനത്തിന് സ്ഥലം സജ്ജമാക്കിയിട്ടുണ്ട്. ഇടുക്കി, കോട്ടയം പത്തനംതിട്ട ജില്ലകളിലും മകരജ്യോതി ദർശനത്തിനായി അയ്യപ്പഭക്തർ തമ്പടിച്ചു കഴിഞ്ഞു. അതേസമയം കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശന മാനദണ്ഡങ്ങൾ പാലിച്ചാണ് മകരവിളക്ക് ഉത്സവം സംഘടിപ്പിച്ചിരിക്കുന്നത്.