സംസ്ഥാനത്ത് കോവിഡ് ഒമിക്രോൺ വ്യാപനം കൂടുന്നു: മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗം ഇന്ന്

NRI DESK : സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും. കൂടുതൽ കോവിഡ് നിയന്ത്രണം ഏർപ്പെടുത്തണമോയെന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. സ്‌കൂളുകളിൽ നിയന്ത്രണമേർപ്പെടുത്തുന്നത് അടക്കമുള്ള കാര്യങ്ങൾ ചർച്ചയാകും.

പ്രതിദിന കോവിഡ് കേസുകൾ ഒരാഴ്ചക്കിടെ കുത്തനെ ഉയർന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചത്.സ്‌കൂളുകളിൽ ഏർപ്പെടുത്തേണ്ട നിയന്ത്രണമായിരിക്കും പ്രധാനമായും പരിഗണനക്ക് വരിക. പൂർണമായും സ്‌കൂളുകൾ അടച്ചിടേണ്ടതില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിൻറേയും അധ്യാപക സംഘടനകളുടേയും നിലപാട്. എന്നാൽ സ്‌കൂൾ, ഓഫീസ് പ്രവർത്തനങ്ങളിൽ നിയന്ത്രണം വേണമെന്നാണ് ആരോഗ്യ വിദഗ്ദരുടെ അഭിപ്രായം. വാരാന്ത്യ നിയന്ത്രണം വേണമെന്നും ആവശ്യം ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ നിയന്ത്രണങ്ങൾ ഒന്നും തന്നെ സർക്കാർ ഏർപ്പെടുത്തിയിരുന്നില്ല. നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ആവശ്യകത ഇപ്പോൾ ഇല്ലെന്നാണ് അവലോകന യോഗത്തിൽ തീരുമാനിച്ചത്.

അതേസമയം പൊതു, സ്വകാര്യ പരിപാടികളിൽ ആൾക്കൂട്ട നിയന്ത്രണം കൂടുതൽ കർശനമാക്കിയിരുന്നു. വിവാഹ, മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആക്കി എന്നും സർക്കാർ അറിയിച്ചിരുന്നു. ഈ നിയന്ത്രണങ്ങൾ നിലനിൽക്കെ സിപിഎമ്മിന്റെ കൂട്ട തിരുവാതിരക്കളിയും കോഴിക്കോട് ജില്ലാ സമ്മേളനവും നടന്നത് വ്യാപക വിമർശനത്തിനും വഴിയൊരുക്കിയിട്ടുണ്ട്.