ഏറെ കോളിളക്കം സൃഷ്ടിച്ച കേസ്; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ കന്യാസ്ത്രീ ബലാത്സംഗക്കേസില്‍ ഇന്ന് വിധി

NRI DESK : ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ഇന്ന് വിധി. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഇന്ന് വിധി പറയുന്നത്. കത്തോലിക്ക സഭയുടെ ചരിത്രത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഏറെ വിവാദങ്ങൾ കണ്ട മറ്റൊരു കേസിന്‍റെ വിധിക്കാണ് ഇതോടെ കേരളം കാത്തിരിക്കുന്നത്. കുറുവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തിൽ വച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവിൽ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ ബലാൽസംഗം ചെയ്തെന്നാണ് കേസ്. ബലാല്‍സംഗം ഉള്‍പ്പെടെ ഏഴ് വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിട്ടുള്ളത്.

2014 മുതൽ 2016 വരെ കാലയളവിൽ ജലന്തർ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ തന്നെ പല തവണ പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീയുടെ പരാതി. 2018 ജൂൺ 29ന് പൊലീസ് കേസെടുത്തു. വൈക്കം ഡിവൈഎസ്പി കെ സുഭാഷിനായിരുന്നു അന്വേഷണ ചുമതല. എന്നാൽ കേസെടുത്തിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായില്ല. ഇത് ചോദ്യം ചെയ്ത പരാതിക്കാരുടെ സഹപ്രവർത്തകരായ കന്യാസ്ത്രീകൾ ഹൈക്കോടതി ജംഗ്ഷനിൽ സമരം ആരംഭിച്ചതോടെ സർക്കാർ പ്രതിരോധത്തിലായി.

തുടർന്ന് പ്രതിഷേധം തെരുവിലേക്ക് നീണ്ടു. കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ളവർ പ്രത്യക്ഷസമരവുമായി എത്തി. മേജർ ആർച്ച് ബിഷപ്പ് ജോർജ് ആലഞ്ചേരി ഉൾപ്പെടെ നാല് ബിഷപ്പുമാരെ വിസ്തരിച്ച കേസ്. 25 കന്യാസ്ത്രീകൾ, 11 വൈദികർ, രഹസ്യമൊഴിയെടുത്ത 7 മജിസ്ട്രേറ്റുമാർ, വൈദ്യപരിശോധന നടത്തിയ ഡോക്ടർ എന്നിവരെല്ലാം വിസ്താരത്തിനെത്തി.

ഒടുവിൽ സെപ്റ്റംബർ 21ന് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തു. 25 ദിവസത്തിനുശേഷം ഒക്ടോബർ 15ന് ഹൈക്കോടതി ബിഷപ്പിന് ജാമ്യം അനുവദിച്ചു. പുറത്തിറങ്ങിയ ഫ്രാങ്കോ മുളയ്ക്കൽ കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അംഗീകരിച്ചില്ല. ഇതോടെ കുരുക്ക് മുറുകി. 2019 ഏപ്രിൽ നാലിനാണ് കുറ്റപത്രം സമർപ്പിച്ചത്. 2020 സെപ്റ്റംബറിൽ വിചാരണ തുടങ്ങി.

ഒടുവിൽ 105 ദിവസത്തെ വിസ്താരത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്. 83 സാക്ഷികളിൽ വിസ്തരിച്ച 39 പേരും പ്രോസിക്യൂഷന് അനുകൂല നിലപാടെടുത്തും പ്രത്യേകത. പ്രതിഭാഗത്ത് നിന്ന് വിസ്തരിച്ചത് ആറ് സാക്ഷികളെ. 122 പ്രമാണങ്ങൾ കോടതിയിൽ ഹാജരാക്കി. നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രതിഷേധങ്ങൾക്ക് നേതൃത്വം കൊടുത്ത സേവ് ഔർ സിസ്റ്റേഴ്സ് കൂട്ടായ്മ.