സിൽവർ ലൈനിനെതിരെ വീണ്ടും പ്രതിഷേധം; സർവേ കല്ല് പിഴുത് റീത്ത് വച്ചു

NRI DESK : കണ്ണൂർ മാടായിപ്പാറയിൽ സിൽവർലൈൻ സർവേക്കല്ലുകൾ പിഴുതു മാറ്റി റീത്ത് വെച്ചു. ഏഴ് സർവേക്കല്ലുകളാണ് പിഴുതെടുത്ത് റോഡരികിൽ കൂട്ടിയിട്ട് റീത്ത് വെച്ച നിലയിൽ കണ്ടെത്തിയത്. നേരത്തെ രണ്ട് തവണ മാടായി പാറയിൽ ഓരോ സർവ്വേ കല്ലുകൾ പിഴുതു മാറ്റിയിരുന്നു. ഇത് ആര് ചെയ്തു എന്നതിൽ വ്യക്തതയില്ല. അതേസമയം ഇത്തരം നടപടികളുമായി മുന്നോട്ട് പോകുന്ന ആളുകൾക്കെതിരെ കൃത്യമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ആഴ്ച മാടായിപ്പാറയിൽ കെ-റെയിൽ സർവേകല്ല് പിഴുത സംഭവത്തിൽ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ച വ്യക്തിക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. പിഴുതുമാറ്റിയ സർവേ കല്ലിന്റെ ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവച്ച യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെതിരെയാണ് കേസ്. അതേസമയം കെ-റെയിലിനെതിരെ സംസ്ഥാനത്ത് ആദ്യമായി പ്രതിഷേധം ഉയർന്നത് മാടായിപ്പാറയിലാണ്. സർവേക്കല്ലുകൾ സ്ഥാപിക്കാൻ വന്ന ഉദ്യോഗസ്ഥരെ നാട്ടകാർ കൂട്ടത്തോടെ തടയുകയും സംഘർഷത്തിനിടയാക്കുകയും ചെയ്തിരുന്നു. ഈ മാസം നാലിനായിരുന്നു ആദ്യമായി പ്രദേശത്ത് സർവേക്കല്ലുകൾ പിഴുതു മാറ്റിയത്. എന്നാൽ ഇതാദ്യമായാണ് സർവേക്കല്ലുകൾ കൂട്ടത്തോടെ പിഴുതു മാറ്റിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് പൊലിസെത്തി പരിശോധന നടത്തിയിട്ടുണ്ട്.