ധീരജ് കൊലപാതകം; കെ.എസ്.യു പ്രവർത്തകരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും

NRI DESK : ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ കീഴടങ്ങിയ കെ.എസ്.യു പ്രവർത്തകരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കെ.എസ്.യു ബ്ലോക്ക് പ്രസിഡന്‍റ് ടോണി തേക്കിലക്കാടൻ, കെ.എസ്.യു ഇടുക്കി ജില്ലാ സെക്രട്ടറി ജിതിൻ ഉപ്പുമാക്കൽ എന്നിവരാണ് ഇന്നലെ കുളമാവ് സ്റ്റേഷനിൽ കീഴടങ്ങിയത്.ആറ് പേരാണ് പൊലീസിന്‍റെ പ്രതിപ്പട്ടികയിലുള്ളത്. അവശേഷിക്കുന്ന പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.

അതിനിടെ പീരുമേട് സബ് ജയിലിൽ റിമാൻഡില്‍ കഴിയുന്ന നിഖിൽ പൈലി, ജെറിൻ ജോജോ എന്നിവരെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് സമർപ്പിച്ച അപേക്ഷ നാളെ കോടതി പരിഗണിക്കും. പത്ത് ദിവസം കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് പൊലീസിന്‍റെ ആവശ്യം. കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് നിഖിലന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകം രാഷ്ട്രീയ വിരോധമൂലമെന്നാണ് പൊലീസ് എഫ്ഐആറില്‍ പറയുന്നു. ധീരജിനെ കൊന്ന ശേഷം രക്ഷപ്പെടുന്നതിനിടയില്‍ ഇടുക്കി കരിമണലില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. എന്‍ജിനീയറിങ് കോളേജിലെത്തിയത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബന്ധുവിനെ സഹായിക്കാനാണെന്ന് നിഖില്‍ പൈലി മൊഴി നല്‍കിയിരുന്നു.

തിങ്കളാഴ്ചയാണ് ഇടുക്കി ഗവൺമെന്‍റ് എൻജിനീയറിങ് കോളജ് വിദ്യാർഥിയായ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജ് കുത്തേറ്റുമരിച്ചത്. കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ യൂത്ത് കോൺഗ്രസ് നേതാവായ നിഖിൽ പൈലി ധീരജിനെ കുത്തുകയായിരുന്നു.