തിരുവനന്തപുരത്ത് ചില മേഖലകളിൽ ബി.ജെ.പി വളരുന്നത് പരിശോധിക്കണം; സി.പി.എം സംഘടനാ റിപ്പോർട്ട് പുറത്ത്

NRI DESK : തിരുവനന്തപുരത്ത് ചില മേഖലകളിൽ ബി.ജെ.പി വളരുന്നുവെന്ന് സി.പി.എം സംഘടനാ റിപ്പോർട്ട്. ചിറയിൻകീഴ്, വർക്കല താലൂക്കുകളിലെ പാർട്ടി ശക്തികേന്ദങ്ങളിൽ ബി.ജെ.പി വളരുന്നുണ്ട്. അനുഭാവി കുടുംബങ്ങൾ ബി.ജെ.പി ചേരിയിലേക്ക് പോകുന്നത് പരിശോധിക്കണമെന്നും തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ അവതരിപ്പിക്കാനിരിക്കുന്ന രാഷ്ട്രീയ സംഘടനാ റിപ്പോർട്ടിൽ പറയുന്നു.

ഇന്നാണ് സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം തുടങ്ങുന്നത്. പാറശ്ശാലയിൽ നടക്കുന്ന ജില്ലാ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ജില്ലയിൽ പല കേന്ദ്രങ്ങളിലും ബിജെപി അവരുടെ ശക്തി വർദ്ധിപ്പിക്കുകയാണ്. ബിജെപിയുടെ വളർച്ച അവഗണിക്കാനാകാത്ത വിധത്തിലായിരിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ വർക്കല, ചിറയിൻകീഴ് താലൂക്കുകളിലാണ് ബിജെപി ഏറെ മുന്നോട്ട് വന്നിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവലോകന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ കാര്യങ്ങളാണ് രാഷ്‌ട്രീയ സംഘടനാ റിപ്പോർട്ടിലുമുള്ളത്.

ഇന്നുമുതല്‍ ഈ മാസം 16വരെയാണ് തിരുവനന്തപുരം ജില്ലാ സമ്മേളനം നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. മെഗാ തിരുവാതിര,അനുപമയുടെ കുഞ്ഞിന്‍റെ ദത്ത് വിവാദം അടക്കമുള്ളവ സമ്മേളനത്തില്‍ ഉയര്‍ന്ന് വരും. പാര്‍ട്ടിക്കുള്ളില്‍ ചില ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ആനാവൂര്‍ നാഗപ്പന്‍ തന്നെ ജില്ലാ സെക്രട്ടറിയായി തുടരാനാണ് സാധ്യത.