കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ്: ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ കോടതി വെറുതെ വിട്ടു

NRI DESK : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെവിട്ടു.ബിഷപ്പ് കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി വിധി പ്രസ്താവത്തിൽ പറഞ്ഞു. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്. 2014 മുതല്‍ 2016 വരെ 13 തവണ കുറവിലങ്ങാട് മഠത്തില്‍ വച്ച് ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നതാണ് കേസിലാണ് കോട്ടയം അഡീഷണന്‍ സെഷന്‍ കോടതി വിധി പറഞ്ഞത്. 105 ദിവസത്തെ വിചാരണയ്ത്ത് ശേഷമാണ് കേസില്‍ ഒടുവില്‍ ശിക്ഷ വിധിക്കുന്നത്.

രാവിലെ 9.30 ഓടെ തന്നെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കോട്ടയത്ത് കോടതിയിലെത്തിയിരുന്നു. കനത്ത സുരക്ഷയായിരുന്നു കോടതിയില്‍ വിധി പറയുന്നതിന് മുന്നോടിയായി നടപ്പാക്കിയിരുന്നത്. മാധ്യമ പ്രവര്‍ത്തകരെ ഉള്‍പ്പെടെ പരിശോധിച്ച ശേഷമായിരുന്നു കോടതിയിലേക്ക് കടത്തി വിട്ടത്. ബോംബ് സ്‌കോഡ് ഉള്‍പ്പെടെ കോടതിയിലെത്തി പരിശോധനകള്‍ നടത്തിയിരുന്നു.

83 സാക്ഷികൾ ഉണ്ടായിരുന്നുവെങ്കിലും കൂറുമാറാനുള്ള സാധ്യത കണക്കിലെടുത്താണ് പ്രോസിക്യൂഷൻ പലരെയും വിസ്തരിച്ചില്ല. 122 പ്രമാണങ്ങൾ കോടതി പരിശോധിച്ചു. കഴിഞ്ഞ മാസം 29ന് വിചാരണ അവസാനിപ്പിച്ച കോടതി. 10ാം തിയതി കൊണ്ട് അവസാന വാദവും പൂർത്തിയാക്കി. 2018 ജൂൺ 27നാണ് ബിഷപ്പിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. വൈക്കം ഡിവൈഎസ്പി കെ സുഭാഷിനായിരുന്നു അന്വേഷണ ചുമതല. എന്നാൽ കേസെടുത്തിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായില്ല. ഇത് ചോദ്യം ചെയ്ത പരാതിക്കാരുടെ സഹപ്രവർത്തകരായ കന്യാസ്ത്രീകൾ ഹൈക്കോടതി ജംഗ്ഷനിൽ സമരം ആരംഭിച്ചതോടെ സർക്കാർ പ്രതിരോധത്തിലായി.

തുടർന്ന് പ്രതിഷേധം തെരുവിലേക്ക് നീണ്ടു. കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ളവർ പ്രത്യക്ഷസമരവുമായി എത്തി. മേജർ ആർച്ച് ബിഷപ്പ് ജോർജ് ആലഞ്ചേരി ഉൾപ്പെടെ നാല് ബിഷപ്പുമാരെ വിസ്തരിച്ച കേസ്. 25 കന്യാസ്ത്രീകൾ, 11 വൈദികർ, രഹസ്യമൊഴിയെടുത്ത 7 മജിസ്ട്രേറ്റുമാർ, വൈദ്യപരിശോധന നടത്തിയ ഡോക്ടർ എന്നിവരെല്ലാം വിസ്താരത്തിനെത്തി.

ഒടുവിൽ സെപ്റ്റംബർ 21ന് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തു. 25 ദിവസത്തിനുശേഷം ഒക്ടോബർ 15ന് ഹൈക്കോടതി ബിഷപ്പിന് ജാമ്യം അനുവദിച്ചു. പുറത്തിറങ്ങിയ ഫ്രാങ്കോ മുളയ്ക്കൽ കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അംഗീകരിച്ചില്ല. ഇതോടെ കുരുക്ക് മുറുകി. 2019 ഏപ്രിൽ നാലിനാണ് കുറ്റപത്രം സമർപ്പിച്ചത്. 2020 സെപ്റ്റംബറിൽ വിചാരണ തുടങ്ങി.
ഒടുവിൽ 105 ദിവസത്തെ വിസ്താരത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്.