രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികൾ രണ്ടര ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 2,64,202 പേർക്ക് കൊവിഡ്

NRI DESK : രാജ്യത്ത് കൊറോണ പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തോട് അടുക്കുന്നു കഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,64,202 പേർക്കാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചത്. ഇന്നലത്തെ പ്രതിദിന രോഗികളെക്കാൾ 6.7% വർദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 36,582,129 ആയി.

ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. ഒരു ദിവസത്തിനിടെ നാൽപത്തി ആറായിരത്തിൽ അധികം പേർക്ക് ആണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഡൽഹിയിലെ കേസുകളിൽ റെക്കോഡ് പ്രതിദിന വർധനയാണ് ഉണ്ടായത്. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 28000ൽ അധികം പേർക്കാണ്. പോസിറ്റിവിറ്റി നിരക്ക് 28 ശതമാനത്തിൽ എത്തി. പശ്ചിമ ബംഗാളിൽ പോസിറ്റിവിറ്റി നിരക്ക് വീണ്ടും ഉയർന്ന് 32.13 ശതമാനമായി.

അതിനിടെ രാജ്യത്തിന് ആശ്വാസമായി രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയർന്നിട്ടുണ്ട്. 1,09,345 പേർക്കാണ് ഇന്നലെ മാത്രം രോഗം ഭേദമായത്. രോഗമുക്തി നിരക്ക് 95.20%. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 12.7 ലക്ഷമാണ്. അതിനിടെ 24 മണിക്കൂറിനിടെ 315 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ മരണം 4,85,350 ആയി ഉയർന്നു.

അതിനിടെ രാജ്യത്തെ ഓമിക്രോൺ കേസുകളും ഉയർന്നു വരികയാണ് ഇതുവരെ 5,753 പേർക്കാണ് രാജ്യത്ത് കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാൽ കേസുകൾ ഉയരുമ്പോഴും ദേശീയ ലോക്ക്ഡൗൺ ഉണ്ടാവില്ലെന്ന സന്ദേശമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ നൽകിയത്. കൊവിഡിനെ തുടർന്നുള്ള നിയന്ത്രണങ്ങൾ ജനജീവിതത്തെ ബാധിക്കില്ലെന്ന് ഉറപ്പു വരുത്തണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ നിർദേശം.