‘ദൈവത്തിന് സ്തുതി’; അഭിഭാഷകരെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് ഫ്രാങ്കോ

NRI DESK : കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ അഭിഭാഷകരെ പൊട്ടിക്കരഞ്ഞുകൊണ്ട് കെട്ടിപ്പിടിച്ച് നന്ദി പറഞ്ഞ് ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കല്‍. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. ഏറെ സന്തോഷവാനായാണ് ഫ്രാങ്കോ കോടതിയില്‍ നിന്ന് പുറത്തിറങ്ങിയത്. കൈകള്‍ കൂപ്പി എല്ലാവരോടും തൊഴുതു കൊണ്ടാണ് വാഹനത്തിനുള്ളിലേക്ക് കയറിയത്. ദൈവത്തിന് സ്തുതിയെന്നാണ് ബിഷപ്പ് ആദ്യ പ്രതികരണമായി പറഞ്ഞത്. ഇതോടെ പ്രെയ്‌സ് ദ ലോര്‍ഡ് വിളികളുമായി ബിഷപ്പിന്റെ ആരാധകരും ചുറ്റും കൂടി.

സമീപ കാല കേരള ചരിത്രത്തില്‍ സമാനതകളില്ലാത്ത സംഭവമായിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ്. കേസുമായി ബന്ധപ്പെട്ട് പല നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കും പൊതു സമൂഹം സാക്ഷിയായി. എന്നാൽ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി കോടതി ചൂണ്ടിക്കാട്ടിയതോടെ കേസില്‍ ഫ്രാങ്കോ മുളയ്‌ക്കല്‍ കുറ്റവിമുക്തനായി.

മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ അന്തേവാസിയുമായ കന്യാസ്ത്രീ നല്‍കിയ പരാതിയിലാണ് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഡോ.ഫ്രാങ്കോ മുളയ്‌ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷന്‍ കേസ്. ഏഴു വകുപ്പുകളായിരുന്നു ബിഷപ്പിനെതിരെ ചുമത്തിയിരുന്നത്. എല്ലാ കേസുകളിലും ബിഷപ്പിനെ വെറുതെ വിട്ടു കൊണ്ടാണ് കോടതിയുടെ ഉത്തരവ്.