അന്വേഷണ സംഘത്തെ അപായപ്പെടുത്താൻ ഡൂഢാലോചന നടത്തിയ കേസ് ; ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഉച്ചയ്‌ക്ക് 1.45ന് പരിഗണിക്കും

NRI DESK : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ അപായപ്പെടുത്താൻ ഡൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഉച്ചയ്‌ക്ക് പരിഗണിക്കും. 1.45 ഓടെയായിരിക്കും ഹർജി പരിഗണിക്കുക. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും കേസ് കള്ളക്കഥയാണെന്നും ദിലീപ് കോടതിയെ അറിയിച്ചിരുന്നു. ദിലീപും, സഹോദരൻ അനൂപും, സഹോദരിയുടെ ഭർത്താവ് സുരാജും ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.

അതേസമയം ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും കേസ് കള്ളക്കഥയാണെന്നും ദിലീപ് അറിയിച്ചിരുന്നു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ബൈജു പൗലോസ് തന്നോടുള്ള പ്രതികാരത്തിന്‍റെ ഭാഗമായാണ് പുതിയ കേസെടുത്തിരിക്കുന്നതെന്നാണ് ദിലീപിന്‍റെ വാദം. ജസ്റ്റിസ് പി.ഗോപിനാഥാണ് ഹർജി പരിഗണിക്കുന്നത്.

ദിലീപിന് വേണ്ടി കോടതിയിൽ ഹാജരാകേണ്ടിയിരുന്ന അഭിഭാഷകന് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് കേസ് പരിഗണിക്കുന്നത് ഇന്നത്തേയ്‌ക്ക് മാറ്റിവെയ്‌ക്കുകയായിരുന്നു. വെള്ളിയാഴ്‌ച്ച വരെ അറസ്റ്റ് ചെയ്യരുതെന്നും നിർദ്ദേശമുണ്ടായിരുന്നു. അതേസമയം സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിൽ അന്വേഷണ സംഘം കഴിഞ്ഞ ദിവസം ദിലീപിന്‍റെ വീട്ടിലും സ്ഥാപനത്തിലും പരിശോധന നടത്തിയിരുന്നു. റെയ്‌ഡിൽ ദിലീപിന്‍റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ഫോണുകളുടെയും പെൻ ഡ്രൈവുകളുടെയും ശാസ്ത്രീയ പരിശോധന ഉടന്‍ നടത്തും. കേസുമായി ബന്ധപ്പെട്ട മറ്റു വിശദാംശങ്ങള്‍ കൂടി ലഭിക്കുമോ എന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.

ദീലീപിന്‍റെ പേഴ്സണല്‍ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ മൂന്ന് ഫോണുകളാണ് റെയ്ഡില്‍ അന്വേഷണ സംഘം പിടിച്ചെടുത്തത്. രണ്ട് പെന്‍ഡ്രൈവുകളും രണ്ട് ഐപാഡുകളും ഹാർഡ് ഡിസ്കും സംഘം കൊണ്ടുപോയിട്ടുണ്ട്. ബാലചന്ദ്രകുമാറിന്‍റെ മൊഴിയില്‍ പറഞ്ഞ പ്രകാരമുള്ള വിവരങ്ങള്‍ ഈ ഉപകരണങ്ങളില്‍ നിന്ന് കണ്ടെത്താനാകുമോ എന്നാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. നടിയെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങള്‍ ദിലീപ് വീട്ടില്‍ വെച്ച് കണ്ടിട്ടുണ്ടെന്നായിരുന്നു ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തല്‍. അതാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുക. അതിനിടെ ദിലീപിന്റെ വീട്ടിൽ റെയ്ഡ് നടത്തിയത് കോടതിയുടെ അനുമതിയോടെയെന്ന് എഡിജിപി ശ്രീജിത്ത്. ദിലീപിനെ അറസ്റ്റ് ചെയ്യുമോ എന്നത് ഇപ്പോൾ പറയാനാകില്ലെന്ന് ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം വേഗത്തിൽ പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.