‘അസാധാരണ വിധി’, ഞെട്ടലുണ്ടാക്കുന്നു; പ്രതികരണവുമായി അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്. ഹരിശങ്കര്‍

NRI DESK : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടത് അസാധാരണ വിധിയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ മുന്‍ കോട്ടയം എസ്.പി എസ്. ഹരിശങ്കർ. ഇരയുടെ മൊഴി തന്നെ പരിഗണിക്കാമെന്നാണ് സുപ്രിം കോടതിവിധി. അതുകൊണ്ട് തന്നെ ഞെട്ടലുണ്ടാക്കുന്നു. ചൂഷണം അനുഭവിച്ചവര്‍ അജീവനാന്തം നിശബ്ദത പാലിക്കണമെന്നാണോ കോടതി വിധി നല്‍കുന്ന സന്ദേശം എന്ന ചോദ്യം ഉയര്‍ത്തിയ അദ്ദേഹം വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും വ്യക്തമാക്കി.

നീതിന്യായ വ്യവസ്ഥക്ക് തന്നെ വിധി അദ്ഭുതകരമാകും. നിർഭാഗ്യകരമായ വിധിയാണ്. പീഡിപ്പിക്കപ്പെട്ടപ്പോൾ തന്നെ സ്ത്രീ പ്രതികരിക്കണമെന്ന് പറയുന്നത് അംഗീകരിക്കാനാകില്ല. കന്യാസ്ത്രീയുടെ ജീവന് ഭീഷണിയുണ്ടായിരുന്നു. വിവരം പുറത്ത് പറയാൻ കഴിയാത്ത വിഷമത്തിലായിരുന്നു. ഏറെ നാൾ കന്യാസ്ത്രീ സഭയ്ക്ക് അകത്ത് തന്നെ വിഷയം പരിഹരിക്കാൻ ശ്രമം നടന്നിരുന്നു. കേസ് നൽകാൻ വൈകിയതിന് വ്യക്തമായ കാരണങ്ങളുണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് ജലന്തര്‍ രൂപത. വിധിക്ക് പിന്നാലെ പുറത്തിറക്കിയ പത്രക്കുറിപ്പിലായിരുന്നു പ്രതികരണം. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ നിരപരാധിത്വത്തില്‍ വിശ്വസിച്ചവര്‍ക്കും അദ്ദേഹത്തിന്റെ അദ്ദേഹത്തിന് വേണ്ട നിയമസഹായം ചെയ്തുകൊടുത്തവര്‍ക്കും നന്ദി രേഖപ്പെടുത്തിക്കൊണ്ടായിരുന്നു മലയാളത്തിലുള്ള പത്രക്കുറിപ്പ്.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു. ബിഷപ്പ് കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി വിധി പ്രസ്താവത്തിൽ പറഞ്ഞു. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്.2014 മുതല്‍ 2016 വരെ 13 തവണ കുറവിലങ്ങാട് മഠത്തില്‍ വച്ച് ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നതാണ് കേസിലാണ് കോട്ടയം അഡീഷണന്‍ സെഷന്‍ കോടതി വിധി പറഞ്ഞത്. 105 ദിവസത്തെ വിചാരണയ്ക്ക് ശേഷമാണ് കേസില്‍ ഒടുവില്‍ വിധിക്കുന്നത്.