ചൊവ്വാഴ്ച വരെ അറസ്റ്റുണ്ടാകില്ല; ദിലീപിന്റെ മുൻകൂർ ജാമ്യ ഹർജി മാറ്റി

NRI DESK ; നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് പരിഗണിക്കാൻ മാറ്റി. അത് വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ ഉറപ്പ് നൽകി. ജസ്റ്റിസ് പി ഗോപിനാഥാണ് ഹർജി പരിഗണിച്ചത്.

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജു പൗലോസിന് തന്നോടുള്ള പ്രതികാരത്തിന്‍റെ ഭാഗമായാണ് പുതിയ കേസെടുത്തിരിക്കുന്നത് എന്നാണ് ദിലീപ് ഹർജിയിൽ പറയുന്നത്. അപായപ്പെടുത്താൻ ഗൂഢാലോചനയെന്ന കേസ് പൊലീസിന്‍റെ കള്ളക്കഥ ആണെന്നും മുൻകൂർ ജാമ്യം തേടിയുള്ള ഹർജിയിൽ പറയുന്നു. നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ സാക്ഷികൾ ദുർബലമായ സാഹചര്യത്തിലാണ് ഈ നടപടിയുണ്ടായതെന്നാണ് ദിലീപിന്‍റെ ഹർജിയിലെ പ്രധാന ആരോപണം.

അതിനിടെ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കോടതിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ദിലീപ് വിചാരണ കോടതിയിൽ പുതിയ ഹർജി സമർപ്പിച്ചു. ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ കൈവശമുണ്ടെന്ന് ഹർജിയിൽ പറയുന്നു. ഇത് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

അതിനിടെ, ദിലീപിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളുടെ ശാസ്ത്രീയ പരിശോധന അവശ്യമെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കും. ദിലീപുമായി ബന്ധപ്പെട്ട മൂന്ന് കേന്ദ്രങ്ങളിലായിരുന്നു വ്യാഴാഴ്ച പൊലീസ് പരിശോധന നടത്തിയത്. പരിശോധനയില്‍ 9 ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തു. പിടിച്ചെടുത്തതില്‍ 4 ഫോണും. 2 പെന്‍ഡ്രൈവും ,2 ടാബും, 1 ഹാര്‍ഡ് ഡിസ്‌ക്കും ഉള്‍പ്പെടെയാണ് പിടിച്ചെടുത്തത് എന്നാണ് വിവരം.