പണവും സ്വാധീനവുമുണ്ടെങ്കില്‍ എന്തും നേടാവുന്ന കാലം; നീതി കിട്ടുംവരെ മുന്നോട്ടുപോകുമെന്ന് സിസ്റ്റര്‍ അനുപമ

NRI DESK : കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോയെ വെറുതെ വിട്ട വിധിയില്‍ പ്രതികരണവുമായി സിസ്റ്റര്‍ അനുപമ. പണവും സ്വാധീനവമുണ്ടെങ്കില്‍ എന്തും നേടാവുന്ന കാലമാണിത്. കേസ് അട്ടിമറിക്കപ്പെട്ടത് തന്നെയാണെന്നും അനുപമ പറഞ്ഞു. ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ കുറ്റവിമുക്തനാക്കിയ ഇന്നത്തെ കോടതി വിധിയിൽ വിശ്വസിക്കുന്നില്ല. സിസ്റ്ററിന് നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും വിധിയ്‌ക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ പോകുമെന്നും സിസ്റ്റർ അനുപമ പറഞ്ഞു.

പണവും സ്വാധീനവുമുള്ളവർക്ക് എല്ലാം നടക്കുമെന്നതാണ് വിധിയിൽ നിന്നും മനസിലാകുന്നത്. ഫ്രാങ്കോ മുളയ്‌ക്കലിന് പണവും സ്വാധീനിക്കാനാളുകളുമുണ്ട്. പോലീസും പ്രോസിക്യൂഷനും ഞങ്ങൾക്ക് ഒപ്പം നിന്നെങ്കിലും കോടതിയിൽ നിന്നും നീതി ലഭിച്ചില്ല. അന്വേഷണ സംഘത്തിൽ വിശ്വാസമുണ്ടെന്നും സിസ്റ്റർ അനുപമ കൂട്ടിച്ചേർത്തു. എവിടെയാണ് കേസ് അട്ടിമറിക്കപ്പെട്ടതെന്ന് അറിയില്ല. കേസിൽ തീർച്ചയായും അപ്പീൽ പോകും. സഭയ്‌ക്കുള്ളിൽ നിന്നും പിന്തുണയില്ലെങ്കിലും പുറത്ത് നിന്നും ജനപിന്തുണയുണ്ട്. ഇതുവരെ ഞങ്ങൾക്കൊപ്പം നിന്ന എല്ലാവർക്കും നന്ദി ഉണ്ടെന്നും അനുപമ പറഞ്ഞു.

അതിനിടെ കന്യാസ്ത്രീകളുടെ വേദനക്കൊപ്പം നില്‍ക്കുന്നുവെന്ന് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സിസ്റ്റര്‍ ജെസ്മി പറഞ്ഞു. വേദനപ്പിക്കുന്ന വിധിയാണെന്ന് സിസ്റ്റർ ലൂസി കളപ്പുരയ്ക്കലും പ്രതികരിച്ചു. കോടതി വിധി അംഗീകരിക്കണമെന്ന് ഫാദർ പോള്‍ തേലക്കാട്ടും പറഞ്ഞു.