സംസ്ഥാനത്തെ ഷോപ്പിംഗ് മാളുകളിൽ നിയന്ത്രണം, സര്‍ക്കാര്‍ ജീവനക്കാരായ ഗര്‍ഭിണികള്‍ക്ക് വര്‍ക്ക് ഫ്രം ഹോം; പുതിയ തീരുമാനങ്ങള്‍ ഇങ്ങനെ

NRI DESK : സംസ്ഥാനത്തെ ഷോപ്പിംഗ് മാളുകളിൽ നിയന്ത്രണം. മാളുകളിൽ 25 സ്‌ക്വയർ ഫീറ്റിന് ഒരാളെന്ന നിലയിൽ ആളുകളെ നിയന്ത്രിക്കാൻ നിർദേശം നൽകി. കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം. അതേസമയം സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്ന ഗര്‍ഭിണികള്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനം അനുവദിക്കാനും തീരുമാനം ആയി.

സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേതുള്‍പ്പെടെ എല്ലാ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഓണ്‍ലൈന്‍ ആയി നടത്തേണ്ടതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ല്‍ കൂടുതലുള്ള ജില്ലകളില്‍ സാമൂഹ്യ, സാംസ്‌കാരിക, സാമുദായിക പരിപാടികള്‍ക്കും വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയുടേത് പോലെ 50 പേരായി പരിമിതപ്പെടുത്തും. കൂടുതല്‍ പേര്‍ പങ്കെടുക്കേണ്ട നിര്‍ബന്ധിത സാഹചര്യങ്ങളില്‍ പ്രത്യേക അനുവാദം വാങ്ങണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ല്‍ കൂടുതല്‍ വന്നാല്‍ പൊതുപരിപാടികള്‍ നടത്താന്‍ അനുവദിക്കില്ല.

അതിനിടെ സംസ്ഥാനത്തെ സ്‌കൂളുകള്‍ വീണ്ടും അടയ്ക്കാനും തീരുമാനിച്ചു. ഒൻപതാം തരം വരെയുള്ള ക്ലാസുകളാണ് അടയ്ക്കുക. ഈ മാസം 21 മുതൽ സ്‌കൂൾ അടയ്ക്കും. എന്നാൽ പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിൽ ഓഫ്‌ലൈനായി പഠനം തുടരും. സംസ്ഥാനത്ത് തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കൊവിഡ് വ്യാപനം ഏറ്റവും അധികമുള്ളത്. കൊവിഡുമായി ബന്ധപ്പെട്ട ഡാറ്റാ കോവിഡ് ജാഗ്രതാ പോര്‍ട്ടലിലൂടെ ആരോഗ്യ വകുപ്പ് പോലീസ്, തദ്ദേശ സ്വയംഭരണം, റവന്യൂ തുടങ്ങി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ലഭ്യമാക്കേണ്ടതാണ്. കൊവിഡ് ക്ലസ്റ്ററുകള്‍ കണ്ടെത്തി ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ കളക്ടര്‍മാരോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.