മകരജ്യോതി തെളിഞ്ഞു; ദർശനപുണ്യത്തിൽ ഭക്തർ

NRI DEKS : ശരണമന്ത്രണങ്ങളാൽ മുഖരിതമായ സന്നിധാനത്ത് നിന്ന് മകരവിളക്ക് ദർശിച്ച് അയ്യപ്പഭക്തർ. മകരജ്യോതി ദർശിക്കാൻ ശബരിമലയിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ശബരിമലയിൽ തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന നടന്നയുടനെയാണ് ജ്യോതി തെളിഞ്ഞത്. വൈകീട്ട് ആറരയോടെയാണ് കിഴക്ക് പൊന്നമ്പലമേട്ടിൽ ഭക്തർക്ക് ദർശന സായൂജ്യം നൽകി മകരജ്യോതി തെളിഞ്ഞത്.

ബുധനാഴ്ച പന്തളം വലിയ കോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര പരമ്പരാഗത പാത വഴിയാണ് വൈകീട്ട് ശരംകുത്തിയിലെത്തിയത്. പന്തള രാജാവിന്റെ പുത്രനായ മണികണ്ഠകുമാരന്റെ ആചാരപരമായ ആഭരണങ്ങളും കൊടിക്കൂറയും ആയുധങ്ങളും കലശങ്ങളും അടങ്ങുന്ന മൂന്ന് പെട്ടികൾ ആറരയോടെ ശബരിമല സന്നിധാനത്തേക്ക് എത്തിച്ചേർന്നു. സന്ധ്യയ്ക്ക് ആറരയ്ക്കായിരുന്നു തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന. പിന്നാലെ പൊന്നമ്പല മേട്ടിൽ മകരജ്യോതി ദർശനം.

മകരജ്യോതി കാണാൻ സന്നിധാനത്തും പാണ്ടിത്താവളത്തും മറ്റ് പന്ത്രണ്ടിടങ്ങളിലും സൗകര്യമൊരുക്കിയിട്ടുണ്ട്. ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങൾ സന്നിധാനത്തും പരിസരത്തും ഒരുക്കിയത്.